മെഡി. കോളജിൽ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്
text_fieldsകോഴിക്കോട്: സ്റ്റെൻറ്, വാൽവ് അടക്കമുള്ളവ വിതരണം ചെയ്യുന്ന കമ്പനികൾക്ക് കുടിശ്ശികതുക നൽകാത്തതിനാൽ മെഡി. കോളജ് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്. കുടിശ്ശിക 30 കോടിയോടടുത്തതോടെയാണ് വിതരണം നിർത്തിവെക്കാൻ കമ്പനികൾ ഒരുങ്ങുന്നത്. കുടിശ്ശിക ലഭിച്ചില്ലെങ്കിൽ അടുത്ത മാസം മുതല്‍ വിതരണം നിര്‍ത്തിവെക്കുമെന്ന് കാണിച്ച് കമ്പനികള്‍ ആശുപത്രി സൂപ്രണ്ടിന് കത്ത് നല്കി. കമ്പനികളുടെ അസോസിയേഷനായ ചേംബര്‍ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കല്‍ ഇംപ്ലാന്റ്സ് ആന്‍ഡ് ഡിസ്പോസബ്ള്‍ ഇതുസംബന്ധിച്ച് കഴിഞ്ഞ ജനുവരി ഒന്നിന് സൂപ്രണ്ടിന് നോട്ടീസ് നല്‍കിയിരുന്നു. 60 ദിവസം കഴിഞ്ഞിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഏപ്രില്‍ ഒന്നു മുതല്‍ വിതരണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു. കാരുണ്യ ബെനവലന്റ് സ്കീം, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയിലേക്കാണ് കമ്പനികള്‍ സ്റ്റെന്റ്, ഗൈഡ് വയര്‍, ബലൂണ്‍, വാൽവ് എന്നിവ നല്‍കുന്നത്.
കാരുണ്യ ബെനവലന്റ് സ്കീം വഴി 2022 ഡിസംബര്‍ വരെയുള്ള തുക മാത്രമാണ് കമ്പനികള്‍ക്ക് ലഭിച്ചത്. ഹൃദയ സ്തംഭനം നേരിടുന്ന രോഗികള്‍ക്ക് കാത്ത്ലാബ് പരിശോധനക്കുശേഷമാണ് ഏതു തരം സ്റ്റെന്റ് ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്. ഓരോ കാത്ത്ലാബിലും ഇതിനുവേണ്ടി വിവിധ അളവിലുള്ള സ്റ്റെന്റുകളാണ് അതത് കമ്പനികള്‍ സ്റ്റോക്ക് ചെയ്യേണ്ടത്. ശസ്ത്രക്രിയ മുടങ്ങിയാൽ നിർധനരായ നൂറുകണക്കിന് രോഗികൾക്ക് ചികിത്സ മുടങ്ങുന്ന സാഹചര്യമുണ്ടാക്കും. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ഈടാക്കുന്ന ശസ്ത്രക്രിയകളാണ് നിർധനരായ രോഗികൾക്ക് സർക്കാർ ആശുപത്രികളിൽനിന്ന് സൗജന്യമായി ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലൂടെ നടത്തുന്നത്. മലബാറിലെ എല്ലാ ജില്ലകളിൽനിന്നുള്ള രോഗികളും കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഈ ആനുകൂല്യം നേടുന്നുണ്ട്. ഇത് മുടങ്ങുന്നത് സാധാരണക്കാരന് കനത്ത തിരിച്ചടിയാവും. സർക്കാർ പണം അനുവദിക്കാത്തതാണ് കുടിശ്ശികക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.