പെരുന്നാൾ സായന്തനത്തിൽ ജനസാഗരത്തിര
text_fieldsകോഴിക്കോട്: രണ്ടു വർഷം കോവിഡ് നിയന്ത്രണങ്ങളിൽ നിറംമങ്ങിയ ചെറിയ പെരുന്നാൾ ആഘോഷം ഇത്തവണ 'കളറായി'. സാമൂഹിക അകലമില്ലാതെ മനസ്സുകളെ ഒന്നിപ്പിക്കുന്ന ചെറിയപെരുന്നാൾ ദിനത്തിൽ രാവിലെ വിവിധ ഈദ്ഗാഹുകളിലും പള്ളികളിലെ പെരുന്നാൾ നമസ്കാരങ്ങളിലും പങ്കെടുക്കാൻ നിരവധി പേരാണെത്തിയത്.
ഭക്ഷണത്തിനും ബന്ധുവീടുകളിലെ സന്ദർശനത്തിനും ശേഷം സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകൾ വിവിധയിടങ്ങളിലേക്ക് ഒഴുകിയെത്തി. ജില്ലയിലെ കടപ്പുറങ്ങൾ ജനസാഗരത്താൽ നിറഞ്ഞുകവിഞ്ഞു.
കാപ്പാടും ബേപ്പൂരും കോഴിക്കോട് ബീച്ചിലുമെല്ലാം ഉച്ചക്ക് ശേഷം ജനങ്ങൾ കൂട്ടമായെത്തി. ജില്ലയിൽനിന്നുള്ളവർക്ക് പുറമേ മലപ്പുറം, വയനാട് ജില്ലകളിൽനിന്നും ബീച്ചുകളിലേക്ക് ആളുകളെത്തി. അന്തർ സംസ്ഥാന തൊഴിലാളികളും പെരുന്നാൾ ദിനത്തിൽ നഗരത്തിലെ വിവിധ ഇടങ്ങളിലെത്തി.
കോഴിക്കോട് സൗത്ത് ബീച്ച് മുതൽ ഭട്ട്റോഡ് വരെ ജനങ്ങൾ അണിനിരന്നു. ബീച്ച് റോഡിൽ നാലു കിലോമീറ്ററിലേറെ ദൂരം പാതയുടെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. നാലു മണിക്ക് ശേഷം എത്തിയവർക്ക് നിർത്തിയിടാൻ സ്ഥലമില്ലാതായി.
ഗതാഗതം നിയന്ത്രിക്കാൻ വിവിധ സ്റ്റേഷനുകളിൽനിന്ന് പൊലീസും സജ്ജമായിരുന്നു. കടലിൽ കുളിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നില്ലെങ്കിലും ലൈഫ് ഗാർഡുമാർ ജനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. സ്വപ്നനഗരിയിലും മാനാഞ്ചിറ സ്ക്വയറിലും മിഠായിത്തെരുവിലും വിവിധ മാളുകളിലും ജനത്തിരക്ക് അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.