കരിഞ്ഞുണങ്ങി നഗരത്തിലെ പച്ചത്തുരുത്ത്
text_fieldsകോഴിക്കോട്: നഗരത്തിലെ പച്ചത്തുരുത്താണ് മാനാഞ്ചിറ സ്ക്വയർ. കോഴിക്കോടിന്റെ തിലകക്കുറിയെന്ന് വിളിക്കുന്ന മാനാഞ്ചിറ മൈതാനത്തിൽ ഉല്ലസിക്കാൻ എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുകയാണ്. എങ്കിലും, ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നു. ബീച്ച് കഴിഞ്ഞാൽ നഗരത്തിൽ ഏറ്റവും കൂടുതൽപേർ വിനോദത്തിന് വേണ്ടി എത്തുന്ന ഇടമാണ് മാനാഞ്ചിറ മൈതാനം. മുതിർന്നവർക്ക് തണുത്ത കാറ്റേറ്റ് കുറച്ചുസമയം വെറുതെ ഇരിക്കാനും കുട്ടികൾക്ക് കളിക്കാനും കുടുംബങ്ങൾക്ക് ഒത്തുചേരാനുമുള്ള ഇടമാണിത്. എന്നാൽ, അധികൃതരുടെ ശ്രദ്ധപതിയാത്ത ഇടമായി മാറിയിരിക്കുന്നു ഇന്ന് മാനാഞ്ചിറ മൈതാനം.
ആളുകൾ വിശ്രമിക്കാനായി ഇരിക്കുകയും കുട്ടികൾ ഓടിക്കളിക്കുകയും ചെയ്തിരുന്ന പുൽത്തകിടി ഇപ്പോൾ കരിഞ്ഞുണങ്ങിയ നിലയിലാണ്. ഏക്കറുകൾ വരുന്ന സ്ക്വയറിൽ ഒരുക്കിയ ചെടിച്ചട്ടികളിലെ ചെടികളെല്ലാം വാടിക്കരിഞ്ഞ് നശിച്ചിരിക്കുന്നു. തിരക്ക് കൂടുന്ന സമയത്ത് ഇരിപ്പിടം കിട്ടാത്തപ്പോൾ ആളുകൾ ചെടിച്ചട്ടികൾ ഇരിപ്പിടമായി ഉപയോഗിക്കുകയാണ് പതിവ്. തൊട്ടടുത്തുതന്നെ മാനാഞ്ചിറയിൽ വെള്ളം നിറഞ്ഞുകിടക്കുന്നുണ്ടെങ്കിലും ഇവിടത്തെ ചെടികളെല്ലാം വെള്ളം കിട്ടാതെ നശിക്കുകയാണ്. മൈതാനത്തിന്റെയും പാർക്കിന്റെയും മേൽനോട്ടത്തിനായി കോർപറേഷൻ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം ആരുടേയും ശ്രദ്ധയിൽപെടുന്നില്ല. അൻസാരി പാർക്കിനടുത്ത് സ്വാഭാവികമായി വളരുന്ന കുറച്ചുചെടികൾ മാത്രമാണ് ഇതിന് ഒരപവാദം.
മാനാഞ്ചിറ സ്ക്വയറിലേക്കുള്ള എൽ.ഐ.സിക്കടുത്തുള്ള പ്രധാന കവാടത്തിനരികിൽതന്നെ കുറേ മരക്കഷണങ്ങളും മറ്റും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് കാണാം. ഓണാഘോഷത്തിനും മറ്റുമുള്ള സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മാനാഞ്ചിറ ദീപാലംകൃതമാക്കുകയും തോരണങ്ങൾ തൂക്കുകയും ചെയ്യുന്നത് പതിവാണെങ്കിലും ഇത്തരം സാധനങ്ങൾ മാറ്റാനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല.
അൻസാരി പാർക്കിന്റെ മൂലയിലായി പ്ലാസ്റ്റിക് ബാഗുകളും പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും വരെയുണ്ട്. മാനാഞ്ചിറ ബസ് സ്റ്റോപ്പിനടുത്തുള്ള വഴിയോര വിശ്രമകേന്ദ്രത്തിനകത്തും പ്ലാസ്റ്റിക് കവറുകളും കുപ്പികളും കൂട്ടിയിട്ടുണ്ട്. ഇതുകൂടാതെ പല ഭാഗത്തായി പനയോലകളും വിറകുകഷണങ്ങളും കൂട്ടിയിട്ടിരിക്കുന്നു. ഇത്തവണ മാനാഞ്ചിറ നവീകരണത്തിനും കാട് വെട്ടിത്തെളിക്കുന്നതിനും മറ്റുമാണ് പ്രാധാന്യം നൽകിയതെന്ന് വാർഡ് കൗൺസിലർ എസ്.എ. അബൂബക്കർ പറഞ്ഞു. ചെടികൾ പരിപാലിക്കുന്നതും വെള്ളമൊഴിക്കുന്നതും കോർപറേഷൻ ജീവനക്കാരാണ്. ഇക്കാര്യങ്ങളെല്ലാം ജീവനക്കാർ കൃത്യമായി ചെയ്യുന്നുണ്ടെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.