മഴയിൽ വിറങ്ങലിച്ച് മലയോരം
text_fieldsകോഴിക്കോട്: കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയിൽ വൻനാശനഷ്ടം. ആനക്കാംപൊയില്‍, മുത്തപ്പന്‍പ്പുഴ, തുഷാരഗിരി, പൂവാറന്‍തോട്, തിരുവമ്പാടി, കക്കാടംപൊയിൽ, താമരശ്ശേരി തുടങ്ങിയ മലയോരമേഖലകളില്‍ രാത്രി വൈകിയും അതിശക്തമായ മഴ തുടരുകയാണ്. പുഴകളില്‍ ജലനിരപ്പ് വൻതോതില്‍ ഉയർന്നു. മഴക്കൊപ്പം തന്നെ അതിശക്തമായ കാറ്റുമുണ്ട്. രാത്രി കനത്തമഴ തുടരുന്ന മുത്തപ്പൻ പുഴ, ആനക്കാം പൊയിൽ, കക്കാടംപൊയിൽ, പൂവാറംതോട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുകയാണ്.
ചാലിപ്പുഴ നിറഞ്ഞുകവിഞ്ഞു. ചെമ്പുകടവ് പാലം വെള്ളത്തിനടിയിലായി. ഇരുവഴിഞ്ഞി, ചാലിയാർ, പൂനൂർ പുഴകൾ കവിഞ്ഞൊഴുകി. ഇരുവഴിഞ്ഞിയിലും ചാലിയാറിലും വെള്ളം ഉയർന്നതോടെ കൊടിയത്തൂർ, ചെറുവാടി എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇതോടെ കാരാട്ടുമുറി റോഡ്, എള്ളങ്ങൽ റോഡ്, കണ്ടങ്ങൽ ചെറുവാടി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി.
കൊടിയത്തൂർ കോട്ടമുഴിയിൽ പാലം പുനർ നിർമിക്കുന്നതിനാൽ താൽക്കാലികമായി സ്ഥാപിച്ച ഇരുമ്പുപാലം വെള്ളം കയറിയതോടെ ഗതാഗതം നിലച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുത്തപ്പൻ പുഴ, ആനക്കാംപൊയിൽ, പുല്ലൂരാംപാറ കൊടക്കാട്ടുപാറ പ്രദേശങ്ങളിലും കൂടരഞ്ഞിയിലെ പൂവാറംതോട്, ഉറുമി, കക്കാടംപൊയിൽ മേഖലയിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. കൂമ്പാറ - കക്കാടംപൊയിൽ റോഡിൽ പീടികപ്പാറയിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ട്. റോഡുകളിൽ മരം വീണ് പലയിടങ്ങളിലും ഗതാഗത തടസമുണ്ടായി. അടിവാരം കൈതപ്പൊയില്‍ പ്രദേശത്തുള്ളവര്‍ വീടുകളില്‍ കുടുങ്ങി. ചെമ്പുകടവ് ഭാഗത്തെ ആദിവാസി കുടുംബങ്ങള്‍ അപകടഭീഷണിയിലാണ്. മഴ അതിശക്തമായതിനാല്‍ കോടഞ്ചേരി പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് ഇന്നലെ അവധിയായിരുന്നു. പൂനൂർ തേക്കും തോട്ടത്തിൽ ഹെൽത്ത് സെന്ററിന് മുകളിൽ മരംവീണ് വൻ നാശനഷ്ടം സംഭവിച്ചു. പുഴ കവിഞ്ഞ് കൃഷിടിയങ്ങൾ വെള്ളത്തിനടിയിലായി.
നഗരത്തിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. രാവിലെ മുതല്‍ പെയ്യുന്ന മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടും ഉണ്ടായി. ശക്തമായ കാറ്റിൽ ഫറോക്ക് കരുവൻതിരുത്തി പെരാവന്മാട് കടവിൽ മണൽതോണി മറിഞ്ഞ് മൂന്ന് തൊഴിലാളികൾ പുഴയിൽ വീണു. ഷഫീർ, റഫീഖ്,ഹക്കീം എന്നീ തൊഴിലാളികളെ മറ്റു തോണിക്കാർ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
കക്കയം ഡാം തുറന്നേക്കും
കോഴിക്കോട്: കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന് ജലസംഭരണിയിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അധികജലം പുറത്തേക്ക് ഒഴുക്കിവിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു. അതിനാല്‍ കുറ്റ്യാടിപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
30ലേറെ വീടുകള്‍ക്ക് നാശം; മൂന്ന് ക്യാമ്പുകള്‍ തുറന്നു
കോഴിക്കോട്: ജില്ലയില്‍ തുടരുന്ന ശക്തമായ മഴയില്‍ വലിയ നാശം. പലിയിടങ്ങളിലും വെള്ളം കയറിയും മരങ്ങള്‍ കടപുഴകി വീണും മുപ്പതിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. കൊയിലാണ്ടി താലൂക്കില്‍ 21, കോഴിക്കോട്, താമരശ്ശേരി താലൂക്കുകളില്‍ അഞ്ചു വീതവും വടകര താലൂക്കില്‍ നാലും വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
മഴവെള്ളം കയറിയതിനെ തുടര്‍ന്ന് ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലാണ് ക്യാമ്പുകള്‍ തുറന്നത്. താമരശ്ശേരി താലൂക്കിലെ കോടഞ്ചേരി വില്ലേജിലെ വെണ്ടേക്കുംപൊയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 26 കുടുംബങ്ങളിലെ 76 പേരെ ചെമ്പുകടവ് ജി.യു.പി സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് താലൂക്കിലെ മാവൂര്‍ വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കച്ചേരിക്കുന്ന് സാംസ്കാരിക നിലയത്തില്‍ ആരംഭിച്ച ക്യാമ്പില്‍ ഒരു കുടുംബത്തിലെ മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയും മാറ്റിപ്പാര്‍പ്പിച്ചു. മറ്റൊരു കുടുംബം ബന്ധു വീട്ടിലേക്ക് താമസം മാറി. കുമാരനെല്ലൂര്‍ വില്ലേജിലെ കാരശ്ശേരി പഞ്ചായത്തില്‍ വെളളം കയറിയതിനെ തുടര്‍ന്ന് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്ന കുടുംബത്തെ വല്ലത്തായ്പാറ ലോലയില്‍ അംഗൻവാടിയിലേക്ക് മാറ്റി. ശക്തമായ മഴയില്‍ ജില്ലയിലെ പുഴകളിലെല്ലാം ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് ആറുവരെ കുന്ദമംഗലത്ത് 54, വടകരയില്‍ 34, വിലങ്ങാട് 36, കക്കയം 77 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.