ജില്ലയിൽ മഴ കനത്തു
text_fieldsകോഴിക്കോട്: പെയ്യാൻ മടിച്ച അഞ്ച് ആഴ്ചകൾക്കുശേഷം ജില്ലയിലും കാലവർഷത്തിന് ശക്തി കൂടി. രണ്ടു ദിവസമായി പെയ്ത മഴയിൽ കനത്ത നാശങ്ങളുണ്ടായില്ലെങ്കിലും ജലാശയങ്ങളിൽ ജലനിരപ്പുയർന്നു. ചൊവ്വാഴ്ച രാവിലെ എട്ടിലെ കണക്കു പ്രകാരം വടകരയിൽ 3.5ഉം കോഴിക്കോട് 7.6ഉം കൊയിലാണ്ടിയിൽ 6.4ഉം സെന്‍റിമീറ്റർ മഴ പെയ്തു.
ജൂൺ ഒന്ന് മുതൽ 29 വരെ സാധാരണ പെയ്യുന്നതിലും പകുതി മഴയാണ് ജില്ലയിൽ ലഭിച്ചത്. 84 സെന്‍റിമീറ്ററായിരുന്നു കിട്ടേണ്ടത്. പെയ്തത് 42 സെന്‍റി മീറ്റർ മാത്രം. ജൂൺ 23 മുതൽ 29 വരെയുള്ള ആഴ്ചയിൽ 34 ശതമാനം കുറച്ചായിരുന്നു മഴ. എന്നാൽ, വേനൽമഴ പ്രതീക്ഷിച്ചതിലും 60 ശതമാനത്തിലേറെ കിട്ടി. വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.
മഴ: 12 വീടുകൾക്ക് ഭാഗിക നാശം
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ ജില്ലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു.
കരുവൻതിരുത്തി വില്ലേജിൽ ആമ്പിയൻസ് ഓഡിറ്റോറിയത്തിനടുത്ത് ബഡേരി മുഹമ്മദ് ബഷീറിന്റെ വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞുവീണ് ഭാഗികമായി കേടുപറ്റി. ഇതുസംബന്ധിച്ച റിപ്പോർട്ട് നഗരസഭ സെക്രട്ടറിക്ക് കൈമാറി. കുമാരനെല്ലൂർ വില്ലേജിലെ സരോജിനി ചൂരക്കട്ടിലിന്റെ വീടിനു മുകളിൽ തെങ്ങു വീണു. ആളപായമില്ല.
തിനൂർ വില്ലേജിലെ മുള്ളമ്പത്ത് പാറവട്ടം ചന്ദ്രന്റെ വീടിനു മുകളിൽ തെങ്ങു വീണു ഭാഗികമായി നാശം സംഭവിച്ചു.
കാവിലുമ്പാറ വെട്ടിക്കുഴിയിൽ ജോസ്, ഞാറക്കാട്ടിൽ പുഷ്പരാജൻ എന്നിവരുടെ വീടിനുമേൽ മരം വീണ് നാശനഷ്ടമുണ്ടായി. കൊയിലാണ്ടി താലൂക്കിലെ കോട്ടൂർ വില്ലേജിൽ കുട്ടിക്കണ്ടി തങ്കമണിയുടെ വീട് തെങ്ങ് വീണ് തകർന്നു. കൂരാച്ചുണ്ട് വില്ലേജിലെ കുഴിപ്പള്ളി സുലോചനയുടെ വീടിനും മഴയിൽ ഭാഗിക തകരാർ സംഭവിച്ചു.
കനത്ത മഴയെ തുടർന്ന് മരങ്ങൾ കടപുഴകി കൊയിലാണ്ടി താലൂക്കിലും വ്യാപക നാശം റിപ്പോർട്ട് ചെയ്തു. എരവട്ടൂർ, കൊഴുക്കല്ലൂർ വില്ലേജുകളിൽ വീടുകൾ ഭാഗികമായി തകർന്നു. എരവട്ടൂർ വില്ലേജിലെ എടവരാട് തെയോത്ത് മീത്തൽ ദേവിയുടെ വീടിനു മുകളിൽ കവുങ്ങ് കടപുഴകി വീട് ഭാഗികമായി തകർന്നു.
കൊഴുക്കല്ലൂർ വില്ലേജിലെ മലയിൽവളപ്പിൽ ജയചന്ദ്രന്റെ വീടിനു മുകളിൽ തെങ്ങ് വീണു ഭാഗികമായി തകർന്നു.
കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം
കോഴിക്കോട്: കക്കയം ഡാമിൽ നീല അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിൽ ഓറഞ്ച് അലർട്ട് നിലവിലുള്ളതിനാലും കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ല കലക്‌ടർ അറിയിച്ചു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
റിസർവോയറിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയരുന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് ആവശ്യമായ അളവിൽ വെള്ളം പുറത്തുവിടാൻ കെ.എസ്.ഇ.ബി സുരക്ഷ വിഭാഗം വയനാട് എക്സിക്യൂട്ടിവ് എൻജിനീയർക്ക് അനുമതി നൽകിയിട്ടുണ്ട്. സെക്കൻഡിൽ 100 ക്യുബിക് മീറ്റർ വരെ ജലം തുറന്നുവിടാനാണ് അനുമതി നൽകിയിട്ടുള്ളത്.
തിരുവള്ളൂർ, വില്യാപ്പളളി, ആയഞ്ചേരി, നാദാപുരം, കൂത്താളി, പേരാമ്പ്ര, ബാലുശ്ശേരി, പനങ്ങാട്, കൂരാച്ചുണ്ട്, കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, വേളം, ചങ്ങരോത്ത്, ചക്കിട്ടപാറ എന്നീ 17 പഞ്ചായത്തുകളെ/വില്ലേജുകളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.