ദേശീയപാതയിലെ കുരുക്ക്; അറപ്പുഴയിലേക്ക്
text_fieldsകോഴിക്കോട്: ദേശീയപാത ബൈപാസ് നവീകരണം പുരോഗമിക്കവേ തിരക്ക് അറപ്പുഴ മേഖലകളിലേക്ക് മാറി. തൊണ്ടയാട്, പന്തീരാങ്കാവ്, അഴിഞ്ഞിലം മേല്പാലങ്ങള് തുറന്നുവെങ്കിലും ഗതാഗതകുരുക്കിന് ഇപ്പോഴും പരിഹാരമായില്ല. അവധി ദിവസങ്ങളിലും തലേന്നും കുരുക്ക് കുടുന്നു.
മലാപ്പറമ്പിലും ചില നേരങ്ങളിൽ കുരുക്കുണ്ട്. അറപ്പുഴയിലും മലാപ്പറമ്പിലും പാലം പണി നടക്കുന്നതാണ് കാരണം. ക്രിസ്മസ് നവവത്സര അവധിക്കാലത്ത് കുരുക്ക് യാത്രാദുരിതം കൂട്ടി. അറപ്പുഴ പാലം പരിസരത്തും മാമ്പുഴ പാലത്തിന് മുകളിലും എപ്പോഴും ഗതാഗത കുരുക്കാണ്. ആറുവരിപ്പാതയിൽ ഗതാഗതം തുടങ്ങിയതോടെ പന്തീരാങ്കാവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നു.
പന്തീരാങ്കാവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂട്ടത്തോടെ പാലത്തിലേക്ക് എത്തുന്നതാണ് പ്രശ്നമാവുന്നത്. രാവിലെയും വൈകിട്ടും നല്ല തിരക്കാണ്. ഇപ്പോഴുള്ള അറപ്പുഴ പാലം വീതിയില്ലാത്തതിനാൽ അഴിഞ്ഞിലം ഭാഗത്തു നിന്നു മേൽപാലത്തിലൂടെ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ഒറ്റ വരിയിലേക്കു മാറുമ്പോൾ തടസ്സം കൂടുന്നു. പാലം കടക്കാൻ യാത്രക്കാർ കഷ്ടപ്പെടുന്നു. ആംബുലൻസുകൾക്ക് പോലും രക്ഷയില്ല. അഴിഞ്ഞിലം മേൽപാലം ഇറങ്ങി എത്തുന്ന ഭാഗത്താണ് അറപ്പുഴ പാലം.
ഇവിടെ രണ്ടുവരി പാതക്കുമാത്രമാണ് ഗതാഗത സൗകര്യം. മൂന്നുവരി ദേശീയപാതയിലൂടെ വേഗത്തിൽ എത്തുന്ന വാഹനങ്ങൾ പെട്ടെന്നു പാലം കടന്നു പോകാനാകുന്നില്ല.
തൊട്ടടുത്തായി പുതിയ പാലം പ്രവൃത്തി പൂർത്തിയാകാൻ ഇനിയും സമയമെടുക്കുമെന്നതാണ് ആശങ്കയുണർത്തുന്നത്. ഡക്കാത്ത് ലോണിന് സമീപം മാമ്പുഴപ്പാലത്തിനുമുകളിലും സമാന സ്ഥിതിയാണ്. തൊണ്ടയാട് മേല്‍പാലംവഴി ആറുവരിപാതയില്‍ നിന്നും കുതിച്ചെത്തുന്ന വാഹനങ്ങള്‍ പാലത്തിന് വീതിയില്ലാത്തതിനാല്‍ കുരുങ്ങിക്കിടക്കുന്നു. പാലത്തിന് ഇരുഭാഗത്തും വീതികൂട്ടല്‍ തീർന്നിട്ടില്ല.
ഒഴിഞ്ഞ വയൽ മണ്ണിട്ട് നികത്തിയാണ് വീതികൂട്ടുന്നത്. കുറച്ചു ഭാഗമെങ്കിലും വേഗം തീർന്നാല്‍ ഗതാഗതക്കുരുക്കിന് ശമനമുണ്ടാവുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. രാമനാട്ടുകരക്കും വെങ്ങളത്തിനുമിടയിൽ 28.4 കിലോമീറ്റർ നീളത്തിലുള്ള ആറു വരിപ്പാതയാ ക്കൽ തീരാൻ ഇനിയും ഒരു കൊല്ലമെങ്കിലുമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.