ഹലോ! ടെലിഫോൺ എക്സ്ചേഞ്ച് റോഡിൽ അപകടക്കുഴിയുണ്ട്
text_fieldsനാദാപുരം: മഴയിൽ ടെലഫോൺ എക്സ്ചേഞ്ച് റോഡിലെ യാത്ര ദുരിതമയം. ജല അതോറിറ്റിയുടെ കീഴിലുള്ള റോഡിൽ പൈപ്പിടാനെടുത്ത കുഴികളിൽ ഭാരം കയറ്റി വരുന്ന വാഹനങ്ങൾ താഴുന്നത് പതിവ്. കുഴിയെടുത്ത ഭാഗത്ത് മണ്ണിട്ടുമൂടുകയല്ലാതെ റോഡ് ബലപ്പെടുത്താനുള്ള നടപടികളൊന്നും അധികൃതർ ചെയ്തിട്ടില്ല. അപകടക്കുഴിയുള്ളത് അറിയാതെ ഈ വഴി എത്തുന്ന വാഹനങ്ങളാണ് ടയർ മണ്ണിലാഴ്ന്ന് അപകടത്തിൽപെടുന്നത്.
ഈ റോഡിൽ ടൗണിൽ പ്രവർത്തിക്കുന്ന നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്കുള്ള ചരക്കുമായി നിരവധി വലിയ വാഹനങ്ങൾ അന്യസംസ്ഥാനങ്ങളിൽനിന്നടക്കം എത്തുന്നത്. ഇന്നലെ രാവിലെ ടെലഫോൺ എക്സ്ചേഞ്ചിനുമുമ്പിൽ വലിയ പിക് അപ് ലോറിയുടെ ചക്രങ്ങൾ താഴ്ന്നു. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നാണ് വാഹനം കരക്കുകയറ്റിയത്.
ഇതിന് കുറച്ചകലെ ഉച്ചക്കുശേഷം ഒരു കാറും കുഴിയിൽ കുടുങ്ങി. കഴിഞ്ഞാഴ്ച പൂച്ചാക്കൂൽ പള്ളിക്ക് സമീപം ലോറി മണിക്കൂറുകളോളം കുടുങ്ങിയിരുന്നു. ക്രെയിൻ കൊണ്ടുവന്നാണ് ലോറി വലിച്ചു കയറ്റിയത്. ഇടക്കിടെയുണ്ടാകുന്ന വാഹനങ്ങളുടെ കുഴിയിൽ താഴൽ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.