ആശയവിപണന കേന്ദ്രങ്ങളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ -ഗവർണർ
text_fieldsകോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിൽനിന്ന് ശനിയാഴ്ച 962 വിദ്യാർഥികൾ ബിരുദമേറ്റുവാങ്ങി. മികവ് തേടിയുള്ള യാത്രക്ക് വിദ്യാർഥികളെ സജ്ജമാക്കുന്ന ആശയവിപണനകേന്ദ്രമാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ ടാഗോർ, ആൽബർട്ട് ഐൻസ്റ്റൈൻ എന്നിവരിൽനിന്ന് പ്രചോദനാത്മകമായ പാഠങ്ങൾ ഉൾക്കൊണ്ടുവേണം വിദ്യാർഥിസമൂഹം മുന്നോട്ടുപോകാൻ. ഇന്ത്യൻ ചിന്തകളെ ആഗോളവത്കരിക്കുന്ന ലോകോത്തര സ്ഥാപനമാകാനുള്ള ഐ.ഐ.എം.കെയുടെ ശ്രമങ്ങൾ അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ബിരുദമേറ്റുവാങ്ങിയവരിൽ 468 പേർ മാനേജ്‌മെന്‍റ് ബിരുദാനന്തര ബിരുദവും (പി.ജി.പി), 60 പേർ ബിസിനസ് ലീഡർഷിപ്പിൽ (പി.ജി.പി-ബി.എൽ) ബിരുദാനന്തര ബിരുദവും നേടി. 11 പേർ പിഎച്ച്.ഡിയാണ് നേടിയത്. 40 പേർ വീതം ഫിനാൻസിലും ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്‌മെന്‍റിലും ബിരുദാനന്തരബിരുദം കരസ്ഥമാക്കി. 343 വിദ്യാർഥികൾ എക്സിക്യൂട്ടിവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിലാണ് ബിരുദധാരികളായത്. വിവിധ വിഭാഗങ്ങളിലായി ദിവേഷ് ബൻസാൽ, ശുഭം ശർമ, പൂജ ഗോയൽ, രാഗേഷ് പെൻഡ്യാല, ആയുഷി പുരി, സാക്ഷം മെഹ്രൂത്ര, കാർത്തിക വിജയ് കുമാർ, ഐജാസ് ഫാത്തിമ എന്നിവരാണ് ഉന്നത വിജയത്തിനുള്ള സ്വർണമെഡലുകൾ നേടിയത്.
ഐ.ഐ.എം ഡയറക്ടർ ദേബാശിഷ് ചാറ്റർജി, ബോർഡ് ഓഫ് ഗവേണൻസ് ചെയർപേഴ്സൻ എ. വെള്ളായൻ തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.