ഹയർ സെക്കൻഡറി സ്ഥലംമാറ്റം വൈകുന്നു; അധ്യാപകർ ആശങ്കയിൽ
text_fieldsകോഴിക്കോട്: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ കരട് പുറത്തിറങ്ങി ഒന്നരമാസമായിട്ടും അന്തിമ പട്ടിക ഇറങ്ങാത്തതിനാൽ ആശങ്കയിലായി അധ്യാപകർ.
സ്റ്റാഫ് ഫിക്സേഷനുശേഷം കഴിഞ്ഞ ഒക്ടോബറിൽ ഓപ്ഷൻ കൊടുത്ത 2023-24 വർഷത്തെ സ്ഥലംമാറ്റ പട്ടികയാണ് നീളുന്നത്. യഥാസമയം ഇറങ്ങേണ്ട പട്ടിക കോടതി നടപടികളിലേക്ക് നീങ്ങിയതാണ് സ്ഥലംമാറ്റ ഉത്തരവ് നീളാൻ കാരണം. എന്നാൽ, ഹൈകോടതി ഡിവിഷൻ ബെഞ്ച് പൊതുസ്ഥലംമാറ്റ നടപടികളിൽ വ്യക്തത വരുത്തി നടപടികളുമായി മുന്നോട്ടുപോകാൻ ജനുവരിയിൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടിയന്തരമായി സ്ഥലംമാറ്റ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതല്ലാതെ തുടർനടപടികളുണ്ടായില്ല. വർഷങ്ങളായി മാതൃജില്ലയിൽ ജോലിചെയ്യുന്നവർ സ്ഥലംമാറ്റ ഭീതിയിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചരടുവലിക്കുന്നതാണ് അന്തിമ പട്ടികയും ഉത്തരവും വൈകുന്നതെന്നും ആരോപണമുണ്ട്.
അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഇടപെടലിലായിരുന്നു സ്ഥലംമാറ്റ അപേക്ഷ ക്ഷണിച്ചതും കരട് പുറത്തിറക്കിയതും. സ്ഥലംമാറ്റം മാനദണ്ഡങ്ങൾ സംബന്ധിച്ച് കഴിഞ്ഞ മേയിൽ കരട് ഇറങ്ങിയെങ്കിലും കോടതി നടപടിയിലേക്ക് നീങ്ങിയതിനാൽ 2019ലും 2021ലും സ്വീകരിച്ച മാനദണ്ഡങ്ങൾ പാലിച്ച് സ്ഥലംമാറ്റം നടത്താനാണ് കഴിഞ്ഞ ജനുവരിയിൽ ഹൈകോടതിയും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലും നിർദേശിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയാൽ സ്ഥലംമാറ്റ ഉത്തരവ് നീളുമെന്നതിനാൽ വർഷങ്ങളായി വിവിധ ജില്ലകളിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് സ്ഥലംമാറ്റം വൈകുമെന്നാണ് ആശങ്ക. അഞ്ചിലേറെ വർഷം ഒരേ ജില്ലയിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് സഹായകമാകുകയാണ് ഉത്തരവ് വൈകൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.