കൂടരഞ്ഞി വില്ലേജിലെ മലയോരം ദുരന്തസാധ്യത മേഖല; ഭൗമശാസ്ത്ര പഠന റിപ്പോർട്ടിന് തുടർനടപടികളില്ല
text_fieldsതിരുവമ്പാടി: കൂടരഞ്ഞി വില്ലേജിലെ മലയോര മേഖല ദുരന്തസാധ്യത മേഖലയാണെന്ന ഭൗമശാസ്ത്ര പഠന റിപ്പോർട്ടിൽ തുടർനടപടികളുണ്ടായില്ല. കൂമ്പാറയിലും പൂവാറംതോടിലും കഴിഞ്ഞദിവസം കൂറ്റൻ പാറകൾ ഉരുണ്ടുനീങ്ങിയ സാഹചര്യത്തിൽ മേഖലയിലെ പ്രകൃതിചൂഷണത്തിന് നിയന്ത്രണം വേണമെന്ന പഠനം പ്രസക്തമാകുകയാണ്.
2018ൽ പ്രളയത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ, കൽപ്പിനി, ആനയോട് , ആനക്കല്ലുംപാറ, താന്നിക്കുന്ന്, കക്കാടംപൊയിൽ, പൂവാറംതോട് പ്രദേശങ്ങളിൽ വ്യാപക ഉരുൾപൊട്ടലാണുണ്ടായത്. കൽപ്പിനിയിൽ ഉരുൾപൊട്ടി വീട് തകർന്ന് ഒരു കുടുംബത്തിലെ രണ്ടുപേരാണ് മരിച്ചത്.
കൂമ്പാറയിൽ പൂർണമായും ഭാഗികമായും നിരവധി വീടുകൾ തകർന്നു. കക്കാടംപൊയിൽ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന അമ്യൂസ്മെൻറ് പാർക്കിലും വലിയ മണ്ണിടിച്ചിലുണ്ടായി. 2019ലെ പ്രളയത്തിലും കൂടരഞ്ഞിയിൽ നാശനഷ്ടമുണ്ടായി. നിരവധി കുടുംബങ്ങൾക്കാണ് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ടിവന്നത്.
കൂമ്പാറ, കക്കാടംപൊയിൽ, മരഞ്ചാട്ടി പ്രദേശങ്ങളിലാണ് വ്യാപകമായി കരിങ്കൽ ഖനനം നടക്കുന്നത്. അനിയന്ത്രിതമായ കരിങ്കൽ ഖനനം മണ്ണിെൻറ ഘടനയിൽ മാറ്റം വരുത്തുന്നത് ദോഷകരമാകുമെന്ന് 2019 ഒക്ടോബർ 19 ന് വില്ലേജ് ഓഫിസർ യു. രാമചന്ദ്രൻ ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
കരിങ്കൽ ഖനനം നടക്കുന്ന കൂമ്പാറ, മരഞ്ചാട്ടി പ്രദേശങ്ങളിലെ ചില വീടുകൾക്ക് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോയിൽ പൈപ്പിങ് പ്രതിഭാസം കണ്ടെത്തിയ കുമാരനെല്ലൂർ വില്ലേജ് കൂടരഞ്ഞിയോട് അതിര് പങ്കിടുന്നുണ്ട്. കൂടരഞ്ഞിയിൽ പുതുതായി കരിങ്കൽ ഖനനം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ സജീവമാണെന്നാണ് റവന്യൂ വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ പഠനങ്ങൾ കൂടരഞ്ഞിയിലെ മലയോര മേഖലയിൽ ഉടൻ വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.