എം.ജി.എസ്; കോഴിക്കോട്ട് ആദ്യം ഇൻറർനെറ്റ് കണക്ഷൻ നേടിയ ചരിത്രകാരൻ
text_fieldsകോഴിക്കോട്: നഗരത്തിലെ ആദ്യ ഇന്റർ നെറ്റ് വരിക്കാരനാണ് എം.ജി.എസ്. വർഷങ്ങൾക്ക് മുമ്പ് മലാപ്പറമ്പിലെ മൈത്രിയിൽ ഇന്റർ നെറ്റ് എത്തിയത് വാർത്തയായിരുന്നു. അറിവ് നേടാനുള്ള അദ്ദേഹത്തിന്റെ അത്യുത്സാഹത്തിന്റെ തെളിവായിരുന്നു ഇത്. അന്ന് 65 കാരനായിരുന്ന എം.ജി.എസ് ഇന്റർ നെറ്റിന്റെ മാസ്മരികതകൾ വിവരിച്ചത് യുവാവിന്റെ കൗതുകത്തോടെയായിരുന്നു. അന്നത്തെ ചാത്തമഗലം റീജനൽ എൻജിനീയറിങ് കോളജിലായിരുന്നു മറ്റൊരു കണക്ഷൻ ഉണ്ടായിരുന്നത്.
വയനാട്ടിലെ ചില എസ്റ്റേറ്റ് ഉടമകൾക്കും അക്കാലത്ത് നെറ്റ് കണക്ഷൻ ഉണ്ടായിരുന്നു. ജപ്പാനിൽ ടോക്കിയോ യൂനിവേഴ്സിറ്റിയിൽ ജോലി നോക്കിയിരുന്ന എം.ജി.എസിന് അവിടെ നിന്നാണ് ഇന്റർനെറ്റിനെപ്പറ്റിയുള്ള അറിവുകൾ കിട്ടിയത്. ജപ്പാനിൽ നിന്ന് വലിയൊരു കംമ്പ്യൂട്ടറും വാങ്ങിയാണ് എം.ജി.എസ് കോഴിക്കോട്ടെത്തിയത്. ജപ്പാനിൽ കൂടെയുണ്ടായിരുന്ന മൈസൂർകാരൻ പ്രഫസറായിരുന്നു കമ്പ്യൂട്ടർ പഠിപ്പിച്ചത്. ഇന്നത്തെ ഇമെയിലിന്റെ ആദ്യരൂപമായ ഇലക്ട്രോണിക് മെയിലിലൂടെ ലോകമെങ്ങുമുള്ള ചരിത്രകാരന്മാരുമായി അദ്ദേഹം ബന്ധപ്പെട്ടു.
കത്തയച്ചാൽ ഉടൻ മറുപടിയും കിട്ടുന്ന ‘വിദ്യ’കാണാൻ മൈത്രിയിൽ പലരും എത്തിയിരുന്നു. അക്കാലത്ത് അത്യപൂർവമായ ഫാക്സ് സന്ദേശങ്ങളും അന്ന് ചരിത്രകാരന്റെ വീട്ടിലെത്തുന്നവർക്ക് കൗതുകമായിരുന്നു. ദൽഹിയിൽ പ്രബന്ധമവതരിപ്പിക്കാനുള്ള കാര്യങ്ങൾ എം.ജി.എസ് ഇന്റർനെറ്റ് വഴി കണ്ടെത്തിയതും വാർത്തയായി. കോഴിക്കോട്ട് റൗട്ടർ സംവിധാനമില്ലാത്തതിനാൽ കൊച്ചി, ചെന്നൈ വഴി ലാൻഡ് ഫോൺ എസ്.ടി.ഡിലൈനിൽ കണക്ട് ചെയ്തായിരുന്നു കോഴിക്കോട്ട് ഇന്റർ നെറ്റ് കണക്ഷൻ എടുത്തത്. കേന്ദ്ര സർക്കാറിന്റെ വിദേശ് സഞ്ചാർ നിഗം ലിമിറ്റഡിന്റെ കണക്ഷൻ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അന്ന് കൊല്ലം 1500 രൂപ വാടകക്ക് എടുത്തിരുന്ന നെറ്റ് കണക്ഷൻവഴി 15,000 രൂപയും ടെലഫോൺചാർജും കൂടുതൽ കൊടുത്ത് ചിത്രങ്ങൾ കൂടി ലഭ്യമാക്കാൻ കഴിയാത്തതിലുള്ള ദുഖം എം.ജി.എസ് പങ്കുവെച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.