നിർധനർക്ക് വീട്; കോഴിക്കോട് നഗരത്തിൽ പണി തീർന്നത് 2479 എണ്ണം മാത്രം
text_fieldsകോഴിക്കോട്: നിർധനർക്ക് വീട് യാഥാർഥ്യമാക്കാനുള്ള പി.എം.എ.വൈ, ലൈഫ് ഭവന പദ്ധതിയിൽ അർഹരായവർക്കെല്ലാം പാർപ്പിടം യാഥാർഥ്യമാക്കാൻ അടിയന്തര നടപടിയെടുക്കാൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനായി വാർഡ്തലത്തിൽ ഗുണഭോക്താക്കളുടെ പ്രത്യേക യോഗം വിളിക്കാൻ കൗൺസിൽ തീരുമാനിച്ചു.
11 ഡി.പി.ആറുകളിലായി 4,823 ഗുണഭോക്താക്കളിൽ 2,479 പേർ മാത്രമാണ് വീട് പണി പൂർത്തിയാക്കിയത്. ഇത് മൊത്തം പദ്ധതിയുടെ 56.12 ശതമാനം മാത്രമാണ്. പി.എം.എ.വൈ പദ്ധതി അടുത്ത കൊല്ലം അവസാനിച്ചാൽ പണം കിട്ടാതെ വരുമെന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് കൗൺസിൽ ഇടപെടൽ. 2024 ഡിസംബർ 31 വരെയാണ് പി.എം.എ.വൈ പദ്ധതിയുടെ കാലാവധി. 445 പേർ ഇതുവരെ കരാറിൽ ഏർപ്പെട്ടിട്ടില്ല.
2021 മാർച്ചിനുമുമ്പ് ആദ്യഗഡു കൈപ്പറ്റി 2023 ജനുവരിയായിട്ടും പണി തുടങ്ങാത്ത മുഴുവനാൾക്കും 2023 മാർച്ച് 25ന് മുമ്പ് തറ നിർമിച്ച് രണ്ടാംഗഡു കൈപ്പറ്റണമെന്ന് നിർദേശം നൽകിയിരുന്നു. 2021 മാർച്ചിനുമുമ്പ് വിവിധ സ്റ്റേജുകളിൽ ഗഡുക്കൾ കൈപ്പറ്റി ഒന്നരക്കൊല്ലം കഴിഞ്ഞിട്ടും തുടർ ഗഡുക്കൾ കൈപ്പറ്റാതെ 582 പേരുണ്ട്.
പദ്ധതി മാർഗനിർദേശ പ്രകാരം ഗുണഭോക്താക്കൾ കരാറിലെത്തി ഒരുകൊല്ലം കൊണ്ട് വീട് പണി തീർക്കണം. ജനകീയാസൂത്രണ പദ്ധതി തുടങ്ങിയ കാലത്തുള്ളവിധം ജനകീയ പങ്കാളിത്തം പദ്ധതി ആസൂത്രണത്തിൽ കുറഞ്ഞുവരുന്നത് തടയാൻ നടപടിയെടുക്കണമെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ പി.സി. രാജൻ പറഞ്ഞു.
മൂന്നാം ഗഡു 3847 പേർ വാങ്ങി. നഗരങ്ങളിൽ വാർഡ് സഭക്ക് പകരം വാർഡ് കമ്മിറ്റികൾ മതിയെന്ന് തീരുമാനമുണ്ടെങ്കിലും റെസി. അസോസിയേഷനുകളുടെയും മറ്റും ഭാരവാഹികൾ സ്ഥാനമൊഴിഞ്ഞാൽ പുതിയയാളെ വാർഡ് കമ്മിറ്റിയിൽ ഉൾപ്പെടുത്താനാവാത്ത അവസ്ഥ സർക്കാർ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
എഗ്രിമെന്റ് വെക്കാത്ത ആളുകളുടെ ലിസ്റ്റ് എല്ലാ കൗൺസിലർമാർക്കും നൽകിയിട്ടുണ്ട്. അവരെ സമീപിച്ച് എന്താണ് പ്രശ്നമെന്ന് കണ്ടെത്തി പരിഹാരമുണ്ടാക്കും. പലർക്കും ഗഡുക്കൾ കിട്ടിയിട്ടും എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥയുണ്ട്. സഹായിക്കാൻ ആളില്ല. ഇവരെയെല്ലാം വിളിച്ചുവരുത്തി വീടുണ്ടാക്കാൻ സഹായിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം അപകടമുണ്ടായാൽ വീടിന് നാലുലക്ഷം വരെ നഷ്ടം ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കുമെന്ന് പി.സി. രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.