പെട്ടിക്കടകൾപോലെ വീടുകൾ; എങ്ങനെ താമസിക്കുമെന്ന് ആദിവാസികൾ
text_fieldsനാദാപുരം: പെട്ടിക്കടകൾപോലെ, അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ഭവനപദ്ധതിയുമായി പുനരധിവാസം. വിലങ്ങാട്ടെ ആദിവാസി പുനരധിവാസത്തിന് നിർമിക്കുന്ന വീടുകൾക്കാണ് പെട്ടിക്കടകൾപോലെ വിചിത്രരൂപം. വീടിനകത്ത് മനുഷ്യജീവിതം അസാധ്യമെന്ന പരാതി വ്യാപകമായി.
അടിസ്ഥാന സൗകര്യങ്ങൾ വീടിന് ഒരുക്കണമെന്ന ആവശ്യവുമായി ആദിവാസികൾ ഇന്നലെ നിർമാണ സ്ഥലത്ത് പ്രതിഷേധിച്ചു. 600നടുത്ത് സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള വീട്ടിലാണ് നിലവിൽ ആദിവാസികൾ താമസിക്കുന്നത്. എന്നാൽ, ഇവർക്കുവേണ്ടി പുതുതായി നിർമിക്കുന്ന വീടിന്റെ തറ വിസ്തൃതി 425 സ്ക്വയർ മീറ്റർ മാത്രമാണ്.
ഒരു കിടപ്പുമുറി മാത്രമാണ് വീടിന്. ഇതിൽ ഒരു കട്ടിൽ നേരാംവണ്ണം ഇടാൻ വലുപ്പമില്ല. വീടിന് വരാന്ത പേരിനുമാത്രം. പാചക മുറി, കക്കൂസ് എന്നിവയുടെ വലുപ്പം അത്ഭുതപ്പെടുത്തും. തറയിൽനിന്ന് ടെറസിലേക്കുള്ള ഉയരം രണ്ടുമീറ്റർ മാത്രം. ഇത്തരത്തിൽ തയാറാക്കിയ പ്ലാനിൽ വീടുകളെല്ലാം നിർമാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്.
സ്ഥലം ഏറ്റെടുക്കലിനടക്കം ആറരക്കോടി രൂപ ചെലവിട്ട്, ആദിവാസി ജനതയുടെ പുനരധിവാസം ലക്ഷ്യമിട്ട് വിലങ്ങാടിനടുത്ത് പുരോഗമിക്കുന്ന പുനരധിവാസ ഭൂമിയിലെ കാഴ്ചകൾ ആരെയും അതിശയിപ്പിക്കും. ഓരോ കുടുംബത്തിനും പത്തുലക്ഷം രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്.
ആറുലക്ഷം സ്ഥലം വാങ്ങാനായിരുന്നു. ബാക്കി നാലു ലക്ഷം രൂപയും ആദിവാസി ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷവും കോഓപറേറ്റിവ് ഫണ്ട് വക ഒന്നര ലക്ഷവും അടക്കം ഏഴര ലക്ഷം രൂപയാണ് ഒരു വീടിന് അനുവദിച്ചത്.
2019ലെ പ്രളയത്തിലും ഉരുൾപൊട്ടലിലും സുരക്ഷിതത്വം നഷ്ടമായ വിലങ്ങാട് അടുപ്പിൽ കോളനിയിലെ 65 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് ജില്ല ഭരണകൂടം പദ്ധതി തയാറാക്കിയത്. ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് വീടൊരുക്കാൻ ഉരുട്ടി റോഡരികിലും പയനംകൂട്ടത്തുമായി രണ്ട് പ്ലോട്ടുകളിലായി പന്ത്രണ്ടര ഏക്കര് സ്ഥലമാണ് തിരഞ്ഞെടുത്തത്.
നിർമാണം ആരംഭിക്കുന്ന സമയത്ത്, പെയിന്റടിച്ച മനോഹരമായ വീടിന്റെ ചിത്രം കാണിച്ച് കബളിപ്പിച്ചതായും നിർമാണം പുരോഗമിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ബോധ്യമാകുന്നതെന്നും ഇവർ പറയുന്നു.
ഈ നിലയിൽ നിർമാണം പൂർത്തിയായാൽ ഈ വീട്ടിൽ എങ്ങനെ താമസിക്കുമെന്ന ചോദ്യമാണ് ഗുണഭോക്താക്കളായ ആദിവാസികൾ ചോദിക്കുന്നത്. പുനരധിവാസം പ്രതീക്ഷിച്ച് നിലവിലെ താമസ സ്ഥലത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതുകാരണം പഴയ വീടുകൾ മുഴുവൻ അപകടാവസ്ഥയിലാണ്.
ഇതിനിടയിലാണ് നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ ആദിവാസികളുടെ സ്വപ്നപദ്ധതിക്കുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. വിലങ്ങാട് പുനരധിവാസം മറ്റൊരു ഉപയോഗ ശൂന്യമായ ആദിവാസി പദ്ധതിയായി മാറുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.