നഗരത്തിലെ കെട്ടിട നമ്പറില്ലാത്ത വീടുകൾക്ക് ഫെബ്രുവരി 20നകം നൽകും
text_fieldsകോഴിക്കോട്: കോർപറേഷൻ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ കെട്ടിട നമ്പർ ഇല്ലാത്ത 36,123 വീടുകൾക്ക് നമ്പർ നൽകാൻ കോർപറേഷൻ തീരുമാനം. മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.
വാർഡ് അടിസ്ഥാനത്തിൽ കുടുംബശ്രീ, ആശ, റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകരുടെ സഹകരണത്തോടെ ജനകീയ കൂട്ടായ്മയിൽ അപേക്ഷകൾ വാങ്ങി സമയബന്ധിതമായി നമ്പർ നൽകുന്ന പ്രവൃത്തി നടപ്പാക്കാനാണ് തീരുമാനം.
ഇതിനായി 27, 28 തിയതികളിൽ കൗൺസിലർമാരുടെ അധ്യക്ഷതയിൽ അതാത് വാർഡുകളിൽ യോഗം ചേരും. കെട്ടിട നമ്പർ അപേക്ഷകൾ ശേഖരിക്കുന്നതിനായി ഫെബ്രുവരി ആറുമുതൽ എട്ടു വരെ വാർഡ് തല ക്യാമ്പുകൾ നടക്കും. 25 വാർഡുകൾക്ക് ഒരു ദിവസം എന്ന നിലയിൽ 75 വാർഡുകളിലും ക്യാമ്പ് നടക്കും.
ഫെബ്രുവരി 20 നകം നമ്പർ നൽകുന്ന നടപടികൾ പൂർത്തിയാക്കും. ഓരോ വാർഡിലും 200 മുതൽ 1400 ഓളം വീടുകൾക്കുവരെ നമ്പർ നൽകാൻ വിട്ടുപോയിട്ടുണ്ടെന്നാണ് റിവിഷൻ നടപടിയിൽ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു.
നമ്പറുകൾ ലഭിക്കാനും അതുവഴി നടപടികളൊഴിവാക്കാനും വീട്ടുടമകൾക്കും നികുതി ലഭ്യത ഉറപ്പാൻ കോർപറേഷനും പുതിയ നീക്കം പ്രയോജനപ്പെടും. നേരത്തേയുണ്ടായിരുന്ന വീടുകൾ പൊളിച്ചപ്പോൾ കോർപറേഷൻ രേഖകളിൽ നിന്ന് കെട്ടിട നമ്പർ മാറ്റാത്തതിനാൽ നികുതി പിരിവിന്റെ കണക്കുകൾ ശരിയാവാത്ത അവസ്ഥ മാറ്റാനും പുതിയ നടപടികൾകൊണ്ടാവും.
10 വാർഡുകളിൽ സൈക്കിൾ കേന്ദ്രങ്ങൾ
കുടുംബശ്രീ ആഭിമുഖ്യത്തിൽ ഓരോ വാർഡിലും വനിതകൾ നടത്തുന്ന സൈക്കിൾ കേന്ദ്രങ്ങൾ തുടങ്ങാനായി സൈക്കിളുകൾ വാങ്ങാൻ കൗൺസിൽ തീരുമാനിച്ചു. പദ്ധതിക്കെതിരെ വിജിലൻസിൽ പരാതിയുണ്ടായിരുന്നുവെങ്കിലും അവരുടെ അന്വേഷണത്തിൽ അപാകതയില്ലെന്ന് കണ്ടെത്തിയ ശേഷമാണ് പദ്ധതി നടപ്പാക്കുന്നത്.
കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. ആദ്യഘട്ടമായി 10 വാർഡിൽ ഓരോ വാർഡിലും 20 വീതം സൈക്കിളാണ് വാങ്ങുന്നത്. വിജയിച്ചാൽ മറ്റ് വാർഡിലും നടപ്പാക്കും.
ഇതിനായി 1.5 കോടി രൂപയാണ് മാറ്റിവെച്ചത്. സൈക്കിളുകൾ നന്നാക്കാൻ സംവിധാനമൊരുക്കണമെന്ന് കെ.സി. ശോഭിത ആവശ്യപ്പെട്ടു. അജണ്ട മാറ്റിവെക്കണമെന്ന് എസ്.കെ. അബൂബക്കർ ആവശ്യപ്പെട്ടു.
വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റിക്കായിരിക്കും സൈക്കിൾ മെയിന്റനൻസ് അടക്കം സൈക്കിൾ കേന്ദ്രങ്ങളുടെ നടത്തിപ്പെന്ന് മേയർ അറിയിച്ചു. 7350 രൂപക്ക് മീഡിയം ഇനവും 7250 രൂപക്ക് ചെറിയയിനവും സൈക്കിൾ വാങ്ങാനുമുള്ള കരാറിനാണ് അംഗീകാരം.
വനിതകൾക്ക് ഒരു കോടിയുടെ മെനസ്ട്രുവൽ കപ്പുകൾ നൽകും
കോർപറേഷന്റെ ഇക്കൊല്ലത്തെ പദ്ധതി വിഹിതം 29 ശതമാനം പൂർത്തിയായതായി ഡെപ്യൂട്ടി മേയർ അറിയിച്ചു. പദ്ധതി നിർവഹണത്തിൽ കോർപറേഷന് സംസ്ഥാനത്ത് രണ്ടാം സ്ഥാനമുണ്ട്. കെ. മൊയ്തീൻ കോയയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
നടപ്പാക്കാൻ താമസം വരുന്ന കോർപറേഷന്റെ വിവിധ പദ്ധതികൾക്കുള്ള തുകകൾ പദ്ധതി മാറ്റി വിനിയോഗിക്കാൻ കൗൺസിൽ അനുമതി നൽകി. ഇതുപ്രകാരം നഗരത്തിൽ വനിതകൾക്കായി മെനസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യാൻ ഒരു കോടി രൂപ മറ്റ് പദ്ധതികളിൽനിന്ന് മാറ്റി വിനിയോഗിക്കും. കുടുംബശ്രീ സംവിധാനങ്ങളും അംഗൻവാടികളും മുഖേനയുമാണ് കപ്പുകൾ നൽകുകയെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.