മനുഷ്യാവകാശ കമീഷൻ ഇടപെടൽ; താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടി
text_fieldsകോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് തടയാൻ മനുഷ്യാവകാശ കമീഷന്റെ നിർദേശാനുസരണം എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയെന്ന് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് കമീഷനെ അറിയിച്ചു. കമീഷൻ ആക്ടിങ് ചെയർപേഴ്സൻ കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
മൾട്ടി ആക്സിൽ വാഹനങ്ങൾക്കും കെട്ടിട സാമഗ്രികൾ കൊണ്ടുവരുന്ന ടോറസ്, ടിപ്പർ വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചക്ക് മൂന്ന് മുതൽ ഒമ്പതുവരെയും തിങ്കളാഴ്ചകളിൽ രാവിലെ ഏഴുമുതൽ ഒമ്പതുവരെയും നിയന്ത്രണം ഏർപ്പെടുത്തി.
ആർ.ആർ.ടി ടീം രൂപവത്കരിച്ച് മൊബൈൽ വർക്ക്ഷോപ്പ് സംവിധാനം സജ്ജീകരിക്കും. ചുരത്തിൽ കുടുങ്ങുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റും. ആർ.ആർ.ടിക്ക് രണ്ട് ടീം രൂപവത്കരിക്കും. വയനാട് ആർ.ടി.ഒ പൊലീസ് മേധാവിയുമായി ചേർന്നും കോഴിക്കോട് ആർ.ടി.ഒ ജില്ല പൊലീസ് മേധാവിയുമായി ചേർന്നും ടീം രൂപവത്കരിക്കണം.
ട്രാഫിക് ഔട്ട് പോസ്റ്റുകളിൽ വയർലെസ് സംവിധാനം മുഖേന ചുരം റോഡ് ആരംഭിക്കുന്നിടത്തും അവസാനിക്കുന്ന സ്ഥലത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണം. ഇതിനായി ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സഹായം ഉപയോഗിക്കാം.
അടിയന്തര ഘട്ടത്തിൽ ബദൽ പാതയായി പൂഴിത്തോട് പടിഞ്ഞാറെത്തറ റോഡ് ഉപയോഗിക്കാൻ എം.എൽ.എ തല യോഗം വിളിക്കും. ചുരത്തിന്റെ തുടക്കത്തിലും അവസാനത്തിലും ശുചിമുറി സംവിധാനം ഏർപ്പെടുത്താൻ പഞ്ചായത്തിന് നിർദേശം നൽകും. ടേക്ക് എ ബ്രേക്ക് സംവിധാനം പരീക്ഷിക്കും.
ചുരത്തിൽ ഗതാഗത തടസ്സമുണ്ടദോൽ വാഹനങ്ങൾ ചുരത്തിൽ കയറ്റി വിടാതെ ഗതാഗത കുരുക്ക് പെട്ടെന്ന് പരിഹരിക്കും. ചുരത്തിന്റെ വീതി കൂട്ടാൻ പൊതുമരാമത്ത്, ദേശീയപാത വിഭാഗത്തിന്റെ നിലവിലുള്ള പദ്ധതികൾ ആരംഭിക്കാൻ ദേശീയ പാത വിഭാഗത്തിന് നിർദേശം നൽകി.
ചുരം റോഡിലുള്ള അനധികൃത കടകൾ നീക്കാനും നിർദേശം നൽകിയതായി ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും നൽകിയ റിപ്പോർട്ടുകളിൽ പറയുന്നു. നിർദേശങ്ങൾ കർശനമായി നടപ്പാക്കിയില്ലെങ്കിൽ ഗതാഗതതടസ്സം തുടരുമെന്ന് ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. നിയന്ത്രണങ്ങൾ പാലിക്കുന്നതായി ഉറപ്പാക്കാൻ സ്ഥിരം സംവിധാനം ആവശ്യമാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തണം.
പൊലീസ് സേനയെ ആവശ്യാനുസരണം വിനിയോഗിക്കണം. രണ്ടാഴ്ചയിലൊരിക്കൽ റിവ്യൂ ചെയ്യണം. ഇക്കാര്യത്തിൽ ഇരു ജില്ല കലക്ടർമാരും പ്രത്യേകം താൽപര്യമെടുക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ബത്തേരി നഗരസഭ മുൻ ചെയർമാൻ ടി.എൽ. സാബു സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.