ഐ.സി.യു പീഡനം; വനിത കമീഷന് രണ്ടാം തവണയും റിപ്പോർട്ട് നൽകാതെ മെഡിക്കൽ കോളജ്
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യുവിലെ പീഡനക്കേസില്‍ തുടർച്ചയായി രണ്ടാം തവണയും വനിത കമീഷൻ മുമ്പാകെ റിപ്പോർട്ട് നൽകാതെ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. ചൊവ്വാഴ്ച കമീഷൻ സിറ്റിങ് നടത്തിയെങ്കിലും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചില്ല. പീഡനത്തിനിരയായ യുവതിയെ, പ്രതിക്കെതിരായ മൊഴിയിൽനിന്ന് പിന്മാറാൻ സ്വാധീനിച്ചവരുടെ സസ്പെൻഷൻ പിൻവലിച്ചതിലാണ് കമീഷൻ റിപ്പോർട്ട് തേടിയത്.
പരാതിക്കാരി സിറ്റിങ്ങിന് വന്ന് രണ്ട് തവണയും മടങ്ങിപ്പോയി. കഴിഞ്ഞ മാസമായിരുന്നു ആദ്യ സിറ്റിങ്. മെഡിക്കൽ കോളജിനോട് റിപ്പോർട്ട് നൽകാത്തതിൽ വിശദീകരണം തേടി വീണ്ടും നോട്ടീസയക്കുമെന്ന് വനിത കമീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. മെഡിക്കൽ കോളജിന്റെ നടപടി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും വനിത കമീഷന് അറിയിച്ചു.
കേസിൽ സസ്പെൻഷനിലായ അഞ്ച് ജീവനക്കാർക്കെതിരായ നടപടി പൊലീസ് അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്പ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പിൻവലിച്ചിരുന്നു. നടപടി വിവാദമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഇടപെടുകയും സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കുകയും ചെയ്തു.
പിന്നീട് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പീഡനപരാതി ഇല്ലാതാക്കാൻ അഞ്ച് വനിതജീവനക്കാർ ചേർന്ന് അതിജീവിതക്കുമേൽ ഭീഷണി, സമ്മർദം എന്നിവ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. അതിജീവിത മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി ഉൾപ്പെടെ മാറ്റാൻ സ്വാധീനംചെലുത്തി എന്നും കുറ്റപത്രത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.