ഐ.സി.യു പീഡനം: റിപ്പോർട്ട് സമർപ്പിച്ചു
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ അതിജീവിത പറഞ്ഞ മൊഴി ഡോക്ടർ രേഖപ്പെടുത്തിയില്ലെന്ന പരാതിയിൽ സിറ്റി പൊലീസ് കമീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. അതിജീവിതയുടെ പരാതിയിൽ മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശനാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഡോക്ടർക്കെതിരെ റിപോർട്ടിൽ പരാമർശമില്ലെന്നാണ് സൂചന.
കേസിന്റെ ഭാഗമായി പൊലീസ് ആവശ്യപ്പെട്ട പ്രകാരം മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതി താൻ പറഞ്ഞ കാര്യങ്ങൾ പൂർണമായും രേഖപ്പെടുത്തിയില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ, ഗൈനക്കോളജി വിഭാഗം യൂനിറ്റ് ചീഫ്, ഗൈനക്കോളജിസ്റ്റ്, ജൂനിയർ ഡോക്ടർ, ഹെഡ് നഴ്സ്, അതിജീവിത, അവരുടെ ബന്ധു തുടങ്ങിയവരുടെ മൊഴിയാണ് എ.സി.പി രേഖപ്പെടുത്തിയത്.
ഡോക്ടർ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞ കാര്യങ്ങൾ കേട്ട ബന്ധുവും എ.സി.പിക്ക് മൊഴി നൽകിയിരുന്നു. പരിശോധന സമയത്ത് ഹെഡ് നഴ്സ് ഒപ്പമുണ്ടായിരുന്നു എന്നാണ് അതിജീവിതയും നഴ്സും പൊലീസിനോട് പറഞ്ഞത്. അതേസമയം, സംഭവ സമയത്ത് ഇല്ലാതിരുന്ന ജൂനിയർ ഡോക്ടർ ഇവിടെ ഉണ്ടായിരുന്നുവെന്ന തരത്തിൽ ഡോക്ടർ പൊലീസിനോട് പറഞ്ഞതും അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.
മാർച്ച് 18ന് തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം ഐ.സി.യുവിലേക്ക് മാറ്റിയ യുവതിയെ അവിടെവെച്ച് ജീവനക്കാരൻ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് അറ്റൻഡർ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശശീന്ദ്രനും കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അഞ്ച് ജീവനക്കാരും നിലവിൽ സസ്പെൻഷനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.