ഐ.സി.യു പീഡനം: പ്രതിയുടെ സസ്പെൻഷൻ 20ന് അവസാനിക്കും; നടപടി സ്വീകരിക്കാതെ ആരോഗ്യ വകുപ്പ്
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ മുഖ്യപ്രതി അറ്റൻഡർ ശശീന്ദ്രന്റെ സസ്പെൻഷൻ കാലാവധി ഈ മാസം 20ന് അവസാനിക്കാനിരിക്കെ നടപടി സ്വീകരിക്കാതെ ആരോഗ്യവകുപ്പ്. ഭരണാനുകൂല സംഘടന നേതാവായ പ്രതിയെ സംരക്ഷിക്കാനാണിതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. തുടർനടപടി സ്വീകരിക്കുകയോ സസ്പെൻഷൻ കാലാവധി നീട്ടുകയോ ചെയ്തിട്ടില്ലെങ്കിൽ 21 മുതൽ ശശീന്ദ്രന് ജോലിയിൽ തിരികെ പ്രവേശിക്കാം. കേസിൽ പ്രതിക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും വകുപ്പ് അന്വേഷണം പൂർത്തിയാക്കി സർക്കാറിന് സമർപ്പിക്കുകയും ചെയ്തെങ്കിലും ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്തതാണ് സംശയത്തിനിടയാക്കുന്നത്. പ്രതിയുടെ സസ്പെൻഷൻ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രണ്ടാഴ്ചമുമ്പ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കത്തയച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിവ്.
കേസിൽ തുടർ നടപടി അറിയുന്നതിനായി അതിജീവിത ഇന്നലെ തിരുവനന്തപുരത്ത് ഡി.എം.ഇയെ കണ്ടിരുന്നു. റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിരിക്കുകയാണ് എന്നാണ് ഇവർക്ക് കിട്ടിയ വിവരം. കേസിൽ ഭരണാനുകൂല സംഘടനയുടെ നേതാവായ പ്രതിയെ സംരക്ഷിക്കാൻ മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമം നടന്നിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് പ്രതിക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറായത്. പ്രതിക്കെതിരായ മൊഴിയിൽനിന്ന് പിന്മാറാൻ അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് ജീവനക്കാരെ അന്വേഷണം പൂർത്തിയാവുന്നതിനുമുമ്പ് സർവിസിൽ തിരിച്ചെടുത്തത് ഏറെ വിവാദമായിരുന്നു. ആരോഗ്യ വകുപ്പ് ഇടപെട്ട് ഇത് പിൻവലിച്ചു. പിന്നീട് പ്രതിക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചത്. പ്രതി മെഡിക്കൽ കോളജിൽ എത്തി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായും അതിജീവിത പരാതിപ്പെട്ടിരുന്നു.
നഴ്സിന്റെ മൊഴി പുറത്ത്: കേസിൽ പ്രതിക്കെതിരെ ശക്തമായ തെളിവാണ് മൊഴി
കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ പ്രതി ശശീന്ദ്രൻ അതിജീവിതയുടെ വസ്ത്രം നീക്കിയതും രഹസ്യഭാഗത്ത് സ്പർശിച്ചതും ശ്രദ്ധയിൽപെട്ടിരുന്നെന്ന് ദൃക്സാക്ഷിയായ നഴ്സിന്റെ മൊഴി പുറത്ത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മൊഴിപ്പകർപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിജീവിതയെ ഓപറേഷൻ തിയറ്ററിൽനിന്ന് കൊണ്ടുവന്ന് ഐ.സി.യു ബെഡിൽ കിടത്തിയശേഷം താൻ അടുത്ത് പോയി പേര് ചോദിച്ചപ്പോൾ പതുക്കെ പേര് പറഞ്ഞിരുന്നു. അപ്പോൾ അവർ ബോധവതിയായിരുന്നു. തൈറോയ്ഡ് സർജറി കഴിഞ്ഞ രോഗിക്ക് അശുദ്ധരക്തം പുറത്തുപോവുന്നതിനുള്ള ഡ്രെയിൻ ട്യൂബ് കട്ടിലിനോട് ചേർന്ന് കെട്ടിയത് അറ്റൻഡർ ശശീന്ദ്രനായിരുന്നു.
താൻ നഴ്സിങ് സ്റ്റേഷനിൽ പോയി മടങ്ങിയെത്തിയപ്പോഴും ശശീന്ദ്രൻ അതിജീവിതയുടെ അടുത്തുതന്നെ ഉണ്ടായിരുന്നു. താൻ പിറകിൽനിന്ന് വന്നത് അയാൾ കണ്ടിരുന്നില്ല. അപ്പോൾ അതിജീവിതയെ പുതപ്പിച്ച മുണ്ടും ധരിച്ചിരുന്ന മുണ്ടും തുറന്നിട്ട നിലയിലായിരുന്നു. ആ സമയം ശശീന്ദ്രൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂവെന്നും അയാളുടെ കൈ രോഗിയുടെ ശരീരത്തിലായിരുന്നുവെന്നും മൊഴിയിലുണ്ട്. ഓപറേഷൻ തിയറ്ററിൽനിന്ന് കൊണ്ടുവരുന്ന രോഗിയുടെ തുണി മാറിക്കിടക്കുകയാണെങ്കിൽ ബെഡിലേക്ക് മാറ്റാൻ സഹായിച്ച കൂട്ടിരിപ്പുകാരോ എം.എസ്സി വിദ്യാർഥിനിയോ ശരിയാക്കുമായിരുന്നു.
അതിനാൽതന്നെ ശശീന്ദ്രനാണ് തുണി മാറ്റിയതെന്ന് മനസ്സിലായി. 1.30ന് താൻ ജോലിയിൽ നിന്നിറങ്ങി. പിറ്റേന്ന് രാവിലെ ഡ്യൂട്ടിക്ക് വന്നപ്പോഴാണ് ശശീന്ദ്രൻ മോശമായി പെരുമാറിയെന്ന് അതിജീവിത പരാതിപ്പെട്ടത് അറിഞ്ഞതെന്നും മൊഴിയിലുണ്ട്. കേസിൽ ശശീന്ദ്രനെതിരായ ശക്തമായ തെളിവാണ് ഡ്യൂട്ടി നഴ്സിന്റെ മൊഴി. ഐ.സി.യുവില്‍ ലൈംഗികപീഡനം നടന്നെന്ന് അതിജീവിത തന്നോട് പറഞ്ഞതായി ഹെഡ് നഴ്സിന്റെ മൊഴിയും പുറത്തുവന്നു. മാര്‍ച്ച് 18നാണ് ഐ.സി.യുവില്‍ പീഡനം നടന്നത്. രണ്ടുദിവസത്തെ അവധിക്കുശേഷം മാര്‍ച്ച് 20ന് ഡ്യൂട്ടിക്ക് എത്തിയപ്പോൾ അതിജീവിത തന്നോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.