ഇടിയങ്ങര കുളം; നവീകരണത്തിന് നാലു കോടിയുടെ ഭരണാനുമതി
text_fieldsകോഴിക്കോട്: നഗരത്തിന്റെ ദീർഘകാലത്തെ ആവശ്യമായ ഇടിയങ്ങര കുളം നവീകരണത്തിന് വഴിയൊരുങ്ങുന്നു. 2023-24 വർഷത്തിൽ രണ്ടുകോടി രൂപ വകയിരുത്തിയ വികസനത്തിന് ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതിയായത്. സായാഹ്നങ്ങൾ ചെലവഴിക്കാനെത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന രീതിയിൽ നവീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അഹമ്മദ് ദേവർ കോവിൽ എം.എൽ.എ അറിയിച്ചു. പ്രവൃത്തി പൂർത്തിയാകുന്നതോടെ നഗരത്തിലെ ടൂറിസം മേഖലയുടെ വികസനത്തിന് വലിയ മുന്നേറ്റം നടത്താൻ കഴിയും. ഇറിഗേഷൻ വകുപ്പാണ് പദ്ധതി തയാറാക്കിയത്. കുളം നവീകരണത്തിന് കോർപറേഷന്റെ ആദ്യ പദ്ധതിക്ക് പകരമായാണ് പുതിയ നവീകരണം വരുന്നത്.
പള്ളിക്കുളമായതിനാൽ നവീകരണത്തിന് വഖഫ് അനുമതിയും നൽകിയിട്ടുണ്ട്. വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കിയ ശേഷമാണ് അനുമതിക്കായി സമർപ്പിച്ചിരുന്നത്. ലാൻഡ് സ്കേപ്പിങ്ങും ഇരിപ്പിടങ്ങളും വിളക്കുകളും മറ്റുമായി മനോഹരമാക്കുന്ന പ്രവൃത്തിയാണ് നടക്കുക. ഇതോടെ, കുറ്റിച്ചിറക്കൊപ്പം തൊട്ടടുത്ത കുളവും തെക്കേപ്പുറത്തിന്റെ മനോഹാരിത കൂട്ടുമെന്നുറപ്പാണ്. നേരത്തേ രണ്ടു കോടി രൂപ ചെലവഴിച്ച് നാലു ഘട്ടങ്ങളായാണ് കുറ്റിച്ചിറയിൽ പൈതൃകപദ്ധതി പൂര്‍ത്തിയാക്കിയത്. ഇതേ തുക തന്നെയാണ് ഇപ്പോൾ തൊട്ടടുത്ത കുളത്തിനും നീക്കിവെച്ചത്.
അലങ്കോലമായി കിടപ്പാണ് കുളവും പരിസരവും. വൃത്തിഹീനമായി കുളം ഉപയോഗിക്കുന്നതും ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതുമെല്ലാം ശുദ്ധജലസ്രോതസ്സിനെ അഴുക്കിലാഴ്ത്തിയിരിക്കുകയാണ്. പരിസരവാസികൾ ഇറങ്ങാതായതോടെ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന നാടോടികൾക്കും മറ്റും മാത്രമുപയോഗിക്കുന്നതായി കുളം മാറി. കുളത്തിന്റെ പടവുകൾ ഇടിഞ്ഞ് പൊളിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.