ഇഗ്നോ വടകര സെൻറർ; കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് കെ.മുരളീധരൻ എം.പി
text_fieldsഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വടകരയിലെ റീജ്യണൽ സെന്ററിന്റെ നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുന്നതിന് കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ.മുരളീധരൻ എം.പി ലോക്‌സഭയിൽ റൂൾ 377 പ്രകാരം ഉന്നയിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു.
മലബാറിലെ ഗ്രാമപ്രദേശങ്ങളിലേക്ക് വിദ്യാഭ്യാസം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവേശനവും, കൗൺസിലിംഗും , പഠനോപകണങ്ങളും ഓൺലൈനായി നൽകുന്ന വെർച്വൽ മോഡിലാണ് വടകരയിലെ ഇഗ്നോ സെൻ്റർ പ്രവർത്തിക്കുന്നത്. കേരളത്തിലെ അഞ്ച് ജില്ല കളായ കാസർഗോഡ് , കണ്ണൂർ, വയനാട് , കോഴിക്കോട് , മലപ്പുറം എന്നിവക്ക് പുറമേ കേന്ദ്രഭരണ പ്രദേശമായ മാഹിയും വടകര പ്രാദേശിക കേന്ദ്രത്തിൻ്റെ കീഴിലാണ്.
നിലവിൽ വടകര പുത്തൂരിലെ വാടക കെട്ടിടത്തിലാണ് ഇഗ്‌നോ സെൻ്റർ പ്രവർത്തിക്കുന്നത്. മണിയൂർ ഗ്രാമപഞ്ചായത്ത് ഇതിനോടകം രണ്ട് ഏക്കർ സ്ഥലം കെട്ടിടം പണിയാൻ അനുവദിക്കുകയും , ഈ സ്ഥലം ഇഗ്‌നോയുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും അനുവദിച്ച സ്ഥലത്ത് ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ കോഴിക്കോട് വടകരയിലെ ഇഗ്‌നോയുടെ റീജ്യണൽ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കെ.മുരളീധരൻ എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.