ശിശുക്ഷേമ സമിതിയറിയാതെ ദത്തുനൽകിയ കുഞ്ഞിനെ അമ്മക്കൊപ്പം വിട്ടു
text_fieldsകോഴിക്കോട്: ശിശുക്ഷേമ സമിതിയറിയാതെ ദത്തുനൽകിയ കുഞ്ഞിനെ അമ്മക്കൊപ്പം വിട്ടു. പൊലീസ് അന്വേഷണത്തിൽ വയനാട് കമ്പളക്കാട് സ്വദേശിനിയാണ് കുഞ്ഞിന്‍റെ അമ്മയെന്ന് വ്യക്തമായതോടെ ഇവരോടും പങ്കാളിയോടും ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിരുന്നു. കുട്ടിയെ സംരക്ഷിക്കാൻ തയാറാണെന്ന് ഇവർ അറിയിച്ചതോടെ മതിയായ പരിശോധനകൾക്കുശേഷമാണ് കുട്ടിയെ കൈമാറിയത്.
ഇരുവർക്കും ജില്ല ശിശുസംരക്ഷണ ഓഫിസ് കൗൺസലിങ് നൽകിയിരുന്നു. മൂന്നര വർഷംമുമ്പ് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി ജന്മം നൽകിയ കുഞ്ഞിനെ രണ്ടുദിവസമായപ്പോൾ പന്നിയങ്കരയിലെ ദമ്പതികൾക്ക് കൈമാറുകയായിരുന്നു.
അനധികൃതമായി കുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്നതായി രഹസ്യ വിവരം ലഭിച്ച ശിശുക്ഷേമ സമിതി സംഭവം അന്വേഷിക്കാൻ പന്നിയങ്കര പൊലീസിനോട് നിർദേശിച്ചതോടെയാണ് ദത്തിലെ ചുരുളഴിഞ്ഞത്. അനധികൃത ദത്താണെന്ന് വ്യക്തമായതോടെ കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. നടക്കാവ് പൊലീസ് പരിധിയിലെ ആശുപത്രിയിലാണ് കുട്ടി ജനിച്ചതെന്നും അശുപത്രിക്കു സമീപത്തുനിന്നാണ് കുട്ടിയെ കൈമാറിയതെന്നും വ്യക്തമായതോടെയാണ് കേസിന്‍റെ തുടരന്വേഷണം നടക്കാവ് പൊലീസിന് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.