മിഠായിത്തെരുവിൽ അനധികൃത നിർമാണം; തടഞ്ഞില്ലെങ്കിൽ ദുരന്തമെന്ന് പൊലീസ് റിപ്പോർട്ട്
text_fieldsകോഴിക്കോട്: ദിവസവും പതിനായിരത്തിലെറെ പേരെത്തുന്ന മിഠായിത്തെരുവ് മേഖലയിലെ അനധികൃത നിർമാണങ്ങളും മറ്റു നിയമലംഘനങ്ങളും തടഞ്ഞ് സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ വൻ ദുരന്തങ്ങളുണ്ടാകുമെന്ന് പൊലീസിെൻറ അന്വേഷണ റിപ്പോർട്ട്. തുടർ തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിൽ സ്െപഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തലുകൾ.
കെട്ടിടങ്ങളിലേക്കുള്ള വഴികൾ പോലും കൊട്ടിയടച്ചാണ് പലരും കച്ചവടം നടത്തുന്നത്. ഒഴിഞ്ഞ ഭാഗങ്ങളിലാകെ വലിയ തോതിൽ മാലിന്യം കുന്നുകൂട്ടിയിട്ടതും ഭീഷണിയാണ്. ചെറിയ കടകളിലടക്കം ഉൾക്കൊള്ളാനാവുന്നതിെൻറ നാലും അഞ്ചും ഇരട്ടി സാധനങ്ങളാണുള്ളത്. വൈദ്യുതി മീറ്റർ ബോർഡ്, സ്വിച്ചുകൾ എന്നിവക്കുമുകളിൽ പോലും തട്ടുകളടിച്ച് സാധനങ്ങൾ സംഭരിച്ചിരിക്കയാണ്. പഴയ കെട്ടിടങ്ങളിലെ വയറിങ്ങുകൾ സുരക്ഷിതമല്ലെന്നു മാത്രമല്ല പലതും സ്പാർക്കുകൾ ഉണ്ടാകുന്ന നിലയിലുമാണ്. കെട്ടിടങ്ങളുടെ കോണിപ്പടികൾ പോലും സാധനങ്ങൾ സൂക്ഷിക്കാനുള്ള കേന്ദ്രങ്ങളായിട്ടുണ്ട്.
മേൽക്കൂരകളിൽ ടാർപോളിൻ ഷീറ്റുകൾ വലിച്ചുകെട്ടിയും സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഒട്ടുമിക്ക കെട്ടിടങ്ങളും കെട്ടിട നിർമാണ ചട്ടവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയിരിക്കയാണ്. ചെറിയ കടകൾക്കുള്ളിൽപോലും ഗ്യാസും മറ്റും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നുണ്ട്. വലിയ കെട്ടിടങ്ങളിൽ ഫയർ ഹൈഡ്രൻറുകളോ ഫയർഫോഴ്സിനുൾപ്പെടെ വെള്ളമെടുക്കാൻ മറ്റു സംവിധാനങ്ങളോ ഇല്ല. അനധികൃതമായി വാഹനങ്ങൾ പാർക്ക് െചയ്യുന്നതും ഹോട്ടലുകളുടെ അടുക്കള ഈ മേഖലയിൽ പ്രവർത്തിക്കുന്നതും ഭീഷണിയാണ്. പുറത്തുനിന്ന് ഭക്ഷണം പാചകം ചെയ്ത് ഇവിെട എത്തിച്ച് വിതരണം െചയ്യുന്ന രീതിയിലേക്ക് ഹോട്ടലുകൾ പ്രവർത്തന രീതി മാറ്റണം. മാലിന്യം കൂട്ടിയിടുന്ന ഒഴിഞ്ഞ ഭാഗങ്ങളിലേക്ക് ആളുകൾ പുകവലിക്കാനെത്തുന്നതും വലിയ അപകടമാണ് -സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷ് തയാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിരവധി തവണ പരിശോധന നടത്തി നിയമലംഘനങ്ങളുടെ ചിത്രങ്ങളടക്കം ഉൾപ്പെടുത്തി തയാറാക്കിയ റിപ്പോർട്ട് അസി. കമീഷണർ കഴിഞ്ഞ ദിവസം സിറ്റി പൊലീസ് മേധാവി എ.വി. ജോർജിന് കൈമാറി. പൊലീസ് മേധാവി ശിപാർശകളോടെ ഇത് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിക്കും കോർപറേഷനും നൽകും. കൂടിയാലോചനകൾക്കുശേഷമാണ് തുടർ നടപടികൾ സ്വീകരിക്കുക. നേരത്തെ എം.പി റോഡിൽ തീപിടിത്തമുണ്ടായപ്പോൾ റീജനൽ ഫയർ ഓഫിസർ ടി. രജീഷും മേഖലയുടെ ഫയർ ഓഡിറ്റ് നടത്തി റിപ്പോർട്ടാക്കി കലക്ടർക്കും ഫയർഫോഴ്സ് മേധാവി ബി. സന്ധ്യക്കും കൈമാറുകയും സന്ധ്യ പിന്നീട് മിഠായിത്തെരുവ് സന്ദർശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.