അനധികൃത തെരുവു വ്യാപാരം തകൃതി; കണ്ണടച്ച് അധികൃതർ
text_fieldsകോഴിക്കോട്: നഗരത്തിൽ റോഡും നടപ്പാതയും ബസ് സ്റ്റാൻഡും കൈയേറിയുള്ള അനധികൃത തെരുവുവ്യാപാരം പൊടിപൊടിക്കുന്നു. യാത്രക്കാർക്ക് നടക്കാൻ കഴിയാത്തവിധം നടപ്പാതകൾ തെരുവുകച്ചവടക്കാർ കൈയേറിയിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. തൊഴിലാളി യൂനിയനുകളുടെ പിന്തുണയും ഇത്തരക്കാർക്കു ലഭിക്കുന്നുണ്ട്. മാനാഞ്ചിറ, പാളയം, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, മിഠായിത്തെരുവ്, സിറ്റി സ്റ്റാൻഡ്, ബീച്ച്, റെയിൽവേ സ്റ്റേഷൻ പരിസരം, ഭട്ട് റോഡ്, കണ്ണംപറമ്പ്, മെഡിക്കൽ കോളജ്, ബീച്ച് ആശുപത്രി പരിസരം, വലിയങ്ങാടി തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അനധികൃത തട്ടുകടകൾ നിറഞ്ഞിരിക്കുകയാണ്.
ആരാധനാലയങ്ങൾ, സ്കൂളുകൾ തുടങ്ങിയവക്ക് സമീപവും അനധികൃത തെരുവു വ്യാപാരം തകൃതിയായി നടക്കുന്നുണ്ട്. ഇത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. തട്ടുകടകൾ റോഡിലേക്ക് ഇറക്കിവെക്കുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കുന്നതായും പരാതിയുണ്ട്. ഒരു തരത്തിലുമുള്ള ലൈസൻസും കൂടാതെയാണ് ഉന്തുവണ്ടികളിലും വാഹനങ്ങളിലുമായി സാധനങ്ങൾ വിൽപന നടത്തുന്നത്. ഭക്ഷണം വിൽക്കുന്ന തട്ടുകടകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രോട്ടോകോളും പാലിക്കുന്നില്ല. രാത്രിയിൽ മാത്രം സജീവമാകുന്ന തട്ടുകടകളും ധാരാളമാണ്. ബീച്ചിലടക്കം അനധികൃത തട്ടുകടകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപനയും നടക്കുന്നുണ്ട്.
മൗനം പാലിച്ച് യൂനിയനുകൾ
നഗരത്തിൽ പ്രവർത്തിക്കുന്ന പല അനധികൃത വ്യാപാരികൾക്കും ഭരണപക്ഷ, പ്രതിപക്ഷ ട്രേഡ് യൂനിയനുകളുടെ മൗനപിന്തുണ ലഭിക്കുന്നുണ്ട്. ഇതുകാരണം പൊലീസും നടപടിക്ക് മടിക്കുന്നു. നഗരത്തിൽ തെരുവുവ്യാപാര ലൈസൻസ് മറിച്ചുവിൽക്കുന്ന മാഫിയ സംഘവും പ്രവർത്തിക്കുന്നുണ്ട്.
‘തെരുവുകച്ചവടം നിയന്ത്രിക്കണം’
നഗരത്തിൽ വർധിച്ചുവരുന്ന അനധികൃത കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിക്കേണ്ട ബാധ്യത കോർപറേഷൻ അധികാരികൾക്കുണ്ടെന്നും അതിന് അധികൃതർ തയാറാവണമെന്നും വ്യാപാരി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി വി. സുനിൽകുമാർ. 2812 പേർക്കാണ് നഗരത്തിൽ തെരുവുവ്യാപാര ലൈസൻസുള്ളത്. അതിന്റെ അഞ്ചിരട്ടി വ്യാപാരികൾ ഇപ്പോൾ തെരുവിൽ വ്യാപാരം നടത്തുന്നുണ്ട്.
ദിനംപ്രതി വർധിച്ചുവരുന്ന തെരുവുകച്ചവടം ലൈസൻസുകളും നികുതികളും കൊടുത്തു കച്ചവടം ചെയ്യുന്നവർക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. അനധികൃത തെരുവുകച്ചവടക്കാരിൽ ഭൂരിപക്ഷവും കൂലിക്ക് കച്ചവടം നടത്തിക്കൊടുക്കുന്നവരാണ്. ഇവർക്കു പിന്നിൽ വലിയ മാഫിയകളാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കണം. ജീവിതമാർഗം കണ്ടെത്താൻ വരുന്നവരെ പുനരധിവസിപ്പിക്കാൻ വേണ്ട നടപടികൾ ജില്ല ഭരണകൂടം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരാതി നൽകി പ്രതിപക്ഷം
നഗരത്തിൽ വർധിച്ചുവരുന്ന അനധികൃത കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർ എസ്.കെ. അബൂബക്കർ കോർപറേഷൻ സെക്രട്ടറി അടക്കമുള്ളവർക്ക് പരാതി നൽകി. ബീച്ചിലും മറ്റും നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇന്റർലോക്ക് ചെയ്ത് ഫുട്പാത്തുകൾ തെരുവുകച്ചവടക്കാർ കൈയേറിയിരിക്കുകയാണ്. ഇത് അങ്ങാടികളിൽ ഗതാഗതക്കുരുക്കിനിടയാക്കുകയും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്യുന്നു. ഇത്തരം അനധികൃത കച്ചവടക്കാരെ നിയന്ത്രിക്കാൻ കോർപറേഷൻ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീൻ കോയയും ആവശ്യപ്പെട്ടു.
കോർപറേഷൻ സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് വാങ്ങി
കോഴിക്കോട്: യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമുണ്ടാക്കാത്ത രീതിയിൽ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെയും പരിസരത്തെയും കച്ചവടം നിയന്ത്രിക്കുന്നതിൽ കോർപറേഷൻ സെക്രട്ടറിയിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. ബസ് സ്റ്റാൻഡിലേക്കുള്ള നടപ്പാതയിലുണ്ടായിരുന്ന അനധികൃത കച്ചവടങ്ങൾ നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ബസ് സ്റ്റാൻഡിന് മുന്നിലുള്ള കടകൾക്ക് മുൻവശമുള്ള മൂന്ന് മീറ്റർ സ്ഥലത്ത് സാധനങ്ങൾ നിരത്തിൽ ഇറക്കിവെക്കുന്നതിനെതിരെ നടപടിയെടുത്തിട്ടുണ്ടെങ്കിലും വീണ്ടും പുറത്തേക്ക് സാധനങ്ങൾ ഇറക്കിവെച്ചിട്ടുണ്ട്. ഇതിനെതിരെ നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. നടപടി തുടരുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.