മിഠായിത്തെരുവിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു
text_fieldsകോഴിക്കോട്: മിഠായി തെരുവിൽ വഴി നടക്കാൻ തടസ്സമായി നിന്ന അനധികൃത കച്ചവടക്കാരെ കോർപറേഷൻ ആരോഗ്യ വിഭാഗം ഒഴിപ്പിച്ചു. എസ്.കെ. പ്രതിമക്കും താജ് റോഡിനുമിടയിൽ കച്ചവടത്തിന് അനുമതിയില്ലാത്ത ഭാഗത്ത് വ്യാപാരം നടത്തിയവർക്കെതിരെയാണ് നടപടി. ടൗൺ പൊലീസ് സഹായത്തോടെ വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെ എത്തിയ സംഘം സാധനങ്ങൾ എടുത്തുമാറ്റി. മിഠായി തെരുവിലും പരിസരത്തും 103 തെരുവുകച്ചവടക്കാർക്ക് കോർപറേഷൻ വിവിധ സ്ഥലങ്ങളിൽ വ്യാപാരാനുമതി നൽകിയിട്ടുണ്ട്.
ഇതിന് വിരുദ്ധമായി താജ് റോഡ് ജങ്ഷനിലെ ഒഴിച്ചിട്ട സ്ഥലത്ത് കച്ചവടം ചെയ്തവർക്കെതിരെയാണ് നടപടി. തട്ട് വെച്ച് റോഡിൽ കച്ചവടം ചെയ്ത് തടസ്സമുണ്ടാക്കിയവരെ ബലമായി ഒഴിപ്പിച്ചു. വിൽപനക്കുവെച്ച സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്ക് താക്കീത് നൽകിയിട്ടുണ്ടെന്നും ആവർത്തിച്ചാൽ പിഴയടക്കം നടപടിയുണ്ടാവുമെന്നും അധികൃതർ പറഞ്ഞു. കോർപറേഷൻ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു ജയറാം, ജൂണിയർ ഹെൽത്ത് ഇൻസ്പെകട്ർ സുബ്ബറാം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടി. മൂന്നാഴ്ചയോളമായി കാൽനടക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം തുണിത്തരങ്ങളും ആഭരണങ്ങളുമെല്ലാം വിൽക്കുന്നതായ പരാതിയെ തുടർന്നാണ് നടപടി.
തെരുവ് കച്ചവടവും ഭിക്ഷാടനവും കൂടുന്നു തെരുവ് കച്ചവടവും ഭിക്ഷാടനവും ഈയിടെ മിഠായി തെരുവിലും പരിസരത്തും കൂടുന്നതായാണ് കടക്കാരുടെയും തെരുവിലെത്തുന്നവരുടെയും പരാതി. കടകടൾക്കും മറ്റും മുന്നിൽ ബിനാമികളെവെച്ച് കച്ചവടം ചെയ്യുന്നവരുണ്ടെന്നും പറയുന്നു. തെരുവുകച്ചവടക്കാരിൽനിന്ന് പണം വാങ്ങി അവർക്ക് സംരക്ഷണം നൽകുന്ന രീതിയുമുണ്ടെന്ന് പറയുന്നു. എൽ.ഐ.സി ബസ് സ്റ്റോപ്പിലും ലെബ്രറിക്ക് മുന്നിലും ബഷീർ റോഡിലും താജ് റോഡിലും കോർട്ട് റോഡിലും എം.പി. റോഡിലുമെല്ലാം തെരുവുകച്ചവടക്കാരുടെ തിരക്കാണ്. ഇവയിൽ അംഗീകാരമുള്ളവരും അല്ലാത്തവരുമുണ്ട്. തെരുവിലെത്തുന്നവരെ തട്ടിമുട്ടി പണം യാചിക്കുന്ന ഭിക്ഷക്കാരുടെ എണ്ണവും കൂടി. അർഹതയില്ലാത്തവരും പണ സമ്പാദനത്തിനായി തെരുവിൽ അലയുന്നതായാണ് പരാതി.
നേരത്തേ ഭിക്ഷയാചിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ച് സംരക്ഷണം നൽകുന്ന പ്രവർത്തനം വ്യാപകമായതോടെ ഭിക്ഷാടകരുടെ എണ്ണം കുറഞ്ഞിരുന്നു. കിഡ്സൺ കെട്ടിടം പൊളിച്ച ഭാഗത്ത് തെരുവിലെത്തുന്ന സംഘങ്ങൾ താവളമാക്കിയതായും പരാതിയുണ്ട്. മതിയായ ശുചിമുറികൾ ഇപ്പോഴും തെരുവിലില്ലാത്തതിനാൽ പ്രാഥമിക കർമങ്ങൾക്ക് കിഡ്സൺ കെട്ടിടം പൊളിച്ച സ്ഥലം ഉപയോഗിക്കുന്നതും ആരോഗ്യ പ്രശ്നമുണ്ടാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.