കാപ്പ ഉൾപ്പെടെ നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിൽ
text_fieldsകോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയിൽ. വെള്ളയിൽ നാലുകുടി പറമ്പ് ഹാഷിമിനെയാണ് (50) അറസ്റ്റ് ചെയ്തത്. ജില്ലയിൽ ആദ്യമായി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കാപ്പ (പിറ്റ് എൻ.സി.പി.എസ്) ചുമത്തപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച പുറത്തിറങ്ങിയതിനുശേഷം വീണ്ടും അറസ്റ്റിലാവുകയായിരുന്നു. ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജനുവരി 27ന് ഹാഷിമിന്റെ വീട്ടിൽ വിൽപനക്കായി ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസ് റെയ്ഡിനായി എത്തിയപ്പോൾ വീടിന്റെ പിൻഭാഗത്തുകൂടെ ഹാഷിം ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ റെയ്ഡിൽ ഇയാളുടെ റൂമിലെ കട്ടിലിനടിയിൽനിന്ന് അരക്കിലോയിൽ അധികം കഞ്ചാവും 200 ഗ്രാമോളം മെത്താഫിറ്റമിനും കണ്ടെടുത്തു. ഹാഷിം ഒളിവിൽ താമസിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും സുഹൃത്തുക്കളെയും പൊലീസ് രഹസ്യമായി നിരീക്ഷിച്ചതിൽനിന്ന് മാങ്കാവിലെ സ്വകാര്യ ലോഡ്ജിൽ റൂമെടുത്ത് താമസിക്കുന്നുണ്ടെന്ന് വിവരം ലഭിക്കുകയും പിടികൂടുകയുമായിരുന്നു.
ഹാഷിമിനെ വിശദമായി ചോദ്യം ചെയ്തതിൽനിന്ന് ലഹരിമരുന്ന് ലഭിക്കുന്ന സ്ഥലത്തെക്കുറിച്ചും എത്തിച്ചുകൊടുക്കുന്നവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായും ഇയാളെ ഒളിവിൽ കഴിയാനും രക്ഷപ്പെടാനും സഹായിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നാർക്കോട്ടിക്ക് അസിസ്റ്റൻറ് കമീഷണർ ജേക്കബ് പറഞ്ഞു. പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിട്ടുള്ള ഹാഷിം ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിമരുന്ന് വിൽപന നടത്തിവരികയായിരുന്നു. ജില്ല ഡെപ്യൂട്ടി പൊലീസ് കമീഷണർ അനൂജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ഹരീഷിന്റെ നേതൃത്വത്തിലുള്ള വെള്ളയിൽ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻ ദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ ദീപ കുമാരി, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. ദീപു, സൈബർ സെല്ലിലെ രൂപേഷ്, പ്രസാദ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.