പെരുവണ്ണാമൂഴിയിൽ ജലശുദ്ധീകരണശാല നിർമാണം തുടങ്ങി
text_fieldsകോഴിക്കോട്: ജില്ലയിലെ 15 പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനായി സ്ഥാപിക്കുന്ന ജലശുദ്ധീകരണശാലയുടെ നിർമാണപ്രവർത്തനങ്ങൾ പെരുവണ്ണാമൂഴിയിൽ ആരംഭിച്ചു. ജൽജീവൻ മിഷന്റെ ഭാഗമായി 100 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലശുദ്ധീകരണ ശാലയാണ് പെരുവണ്ണാമൂഴി ഡാമിന് സമീപത്തായി നിർമിക്കുന്നത്.
നിലവിൽ പെരുവണ്ണാമൂഴിയിൽ സ്ഥാപിച്ച 174 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുദ്ധീകരണ ശാലക്കു പുറമെയാണ് ഗ്രാമീണമേഖലകളിലെ വീടുകളിൽ ശുദ്ധജലം ലഭ്യമാക്കാനായി ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി ശുദ്ധീകരണശാല നിർമിക്കുന്നത്. 15 പഞ്ചായത്തുകളിലായി 93,239 വീടുകളിലേക്കാണ് പദ്ധതിവഴി ശുദ്ധജലമെത്തിക്കുക.
ഉള്ള്യേരി, മൂടാടി, അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, നൊച്ചാട്, മേപ്പയൂർ, കീഴരിയൂർ, കായണ്ണ, കൂരാച്ചുണ്ട്, പനങ്ങാട്, ചങ്ങരോത്ത്, കൂത്താളി, തിക്കോടി പഞ്ചായത്തുകളിലേക്കാണ് പുതുതായി നിർമിക്കുന്ന ജലശുദ്ധീകരണശാലയിൽനിന്ന് വെള്ളമെത്തിക്കുക.
പെരുവണ്ണാമൂഴി ഡാമിൽനിന്ന് ശേഖരിക്കുന്ന ജലം, ശുദ്ധീകരിക്കാനായി നിർമിക്കുന്ന ജലശുദ്ധീകരണ ശാലയിൽ എത്തിക്കും. ഇവിടെനിന്നാണ് പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുക. വിവിധ പഞ്ചായത്തുകളിലേക്ക് ജലശുദ്ധീകരണ ശാലയിൽനിന്ന് ശുദ്ധജലം എത്തിക്കുന്നതിനുള്ള പ്രധാന ട്രാൻസ്മിഷൻ മെയിൻ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. 95 കിലോമീറ്റർ ദൈർഘ്യത്തിൽ 250 മി.മീ മുതൽ 1219 മി.മീ വരെ വ്യാസമുള്ള പൈപ്പുകളാണ് ഇതിനായി സ്ഥാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.