കള്ളൻ കപ്പലിലോ; ചോദ്യപേപ്പർ ചോർച്ചയിൽ ഉത്തരം കിട്ടാതെ വിദ്യാഭ്യാസ വകുപ്പ്
text_fieldsകോഴിക്കോട്: സ്കൂൾ അർധ വാർഷിക പരീക്ഷ ചോദ്യപേപ്പർ ചോർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിൽ എം.എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിനെതിരെ അന്വേഷണം നടക്കുകയാണെങ്കിലും വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരടക്കം സംശയനിഴലിലാണ്. പത്താംക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പർ സ്വകാര്യ ട്യൂഷൻ സെന്റർ വഴി ചോർന്നുവെന്നായിരുന്നു ആദ്യം ഉയർന്ന പരാതി. ദിവസങ്ങൾക്കിടെ കെമിസ്ട്രി ചോദ്യപേപ്പറും ചോർന്നുവെന്ന് പരാതി ഉയർന്നു.
കൊടുവള്ളിയിലെ സ്വകാര്യ ഓൺലൈൻ ട്യൂഷൻ സെന്ററായ എം.എസ് സൊല്യൂഷൻസിനെതിരെ പരാതി ഉയരുകയും കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തെങ്കിലും ഹൈസ്കൂൾ ചോദ്യപേപ്പറുകൾ തയാറാക്കാൻ ചുമതലയുള്ള ഡയറ്റിനെ അന്വേഷണത്തിൽ ഉൾപ്പെടുത്താത്തതാണ് സംശയം ഉയർത്തുന്നത്.എട്ടു മുതൽ പത്തു വരെയുള്ള ക്ലാസുകളിലേക്ക്, വിഷയം പഠിപ്പിക്കുന്ന സ്കൂൾ അധ്യാപകരെ ഉപയോഗിച്ച് ഡയറ്റുകൾ ചോദ്യപേപ്പർ തയാറാക്കി നൽകുന്നതാണ് രീതി.
ചോദ്യപേപ്പർ തയാറാക്കുന്ന അധ്യാപകർതന്നെ സ്വകാര്യ ട്യൂഷൻ ചാനലിന് ഇത് ചോർത്തിനൽകുന്നുവെന്നാണ് ഒരു ആരോപണം. അതേസമയം, അധ്യാപകരെ ഉപയോഗിച്ച് ചോദ്യപേപ്പർ തയാറാക്കുന്നതിന് പകരം പുറമെ നിന്നുള്ള ഏജൻസികളെ ഇത് ഏൽപിക്കുകയാണെന്നും അവരാണ് സ്വകാര്യ ട്യൂഷൻ സെന്ററുകൾക്ക് ചോദ്യപേപ്പർ ചോർത്തിക്കൊടുക്കുന്നതെന്നുമുള്ള മറ്റൊരു ആരോപണവുമുണ്ട്.
ഡയറ്റിലെ നിയമനങ്ങളിൽ ഭൂരിഭാഗവും ഭരണപക്ഷ സംഘടനകൾക്കാണ് നൽകിവരുന്നത് എന്നതിനാൽതന്നെ ഡയറ്റിനും ഭരണാനുകൂല അധ്യാപക സംഘടനകൾക്കും ചോദ്യപേപ്പർ ചോർച്ചയിലുള്ള ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനാവില്ല. എന്നിട്ടും ഇക്കാര്യങ്ങളൊന്നും അന്വേഷണത്തിന്റെ പരിധിയിൽ വരുന്നില്ല എന്നതാണ് സംശയത്തിന് ഇട നൽകുന്നത്.
വിഷയത്തിൽ പരിണതപ്രജ്ഞരായ അധ്യാപകരുള്ളപ്പോൾ ചോദ്യപേപ്പർ തയാറാക്കാൻ മറ്റ് ഏജൻസികളെ ഏൽപിക്കുന്നത് എന്തിനാണെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മാത്രമല്ല, കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പരീക്ഷയിലും ചോദ്യപേപ്പർ ചോർന്നുവെന്ന പരാതി ഉയർന്നിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പുനൽകിയതല്ലാതെ ഒരന്വേഷണവും നടന്നില്ല. ഇതുതന്നെയാണ് സ്വകാര്യ ട്യൂഷൻ സെന്ററുകൾക്ക് വീണ്ടും വീണ്ടും ഇത്തരത്തിലുള്ള ക്രമക്കേടുകൾ നടത്താൻ ധൈര്യം നൽകുന്നത്. യഥാർഥ പ്രശ്നത്തിലേക്ക് കടക്കാതെ പരൽമീനുകളെ അറസ്റ്റ് ചെയ്ത് പ്രശ്നം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നും പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. ഡയറ്റിലെ അധ്യാപകരെല്ലാം ഭരണാനുകൂല അധ്യാപക സംഘടനകളാണ് എന്നതിനാൽ ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ ഭരണപക്ഷത്തെ പലരും കുടുങ്ങുമെന്നുള്ളതിനാൽ കണ്ണിൽ പൊടിയിടാനുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.
കോവിഡിന് ശേഷം ഓൺലൈൻ ട്യൂഷൻ സെന്ററുകൾ തഴച്ചുവളരുകയാണ്. ഇവർ തമ്മിലെ കിടമത്സരമാണ് ചോദ്യപേപ്പർ ചോർച്ച പോലുള്ള ദുഷ്പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്. അധ്യാപകരും ഉദ്യോഗസ്ഥരുമായുള്ള ട്യൂഷൻ സെന്ററുകൾക്കുള്ള അവിശുദ്ധ ബന്ധവും കൂടിയാകുമ്പോൾ ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത കുത്തഴിഞ്ഞ രീതിയിലേക്ക് പൊതുവിദ്യാഭ്യാസ രംഗം മാറുന്നത് ആശങ്കയോടെയാണ് രക്ഷിതാക്കൾ കാണുന്നത്.
ഈ വർഷം മൂന്നുലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽനിന്ന് മാറിപ്പോയതെന്ന് കെ.പി.എസ്.ടി.എ ജില്ല പ്രസിഡന്റ് ടി.ടി. ബിനു പറഞ്ഞു. ഓരോ പരീക്ഷക്കാലങ്ങളിലും ചോദ്യപേപ്പറുകൾ ചോരുന്നത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാഭ്യസ രംഗത്തെ വിദഗ്ധരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.