പൊലീസിനെക്കണ്ട് കവർന്ന ബൈക്ക് ഉപേക്ഷിച്ച സംഭവം: പ്രതികൾ റിമാൻഡിൽ
text_fieldsകോഴിക്കോട്: കവർന്ന ബൈക്കിൽ കറങ്ങവേ പൊലീസിനെക്കണ്ട് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതികൾ റിമാൻഡിൽ. കേസിൽ അറസ്റ്റിലായ കുരുവട്ടൂർ പയമ്പ്ര സ്വദേശി എം.കെ. നിജുൽ രാജ് (20), കക്കോടി സ്വദേശി ബി.കെ. അക്ബർ സിദ്ദീഖ് (22), കക്കോടി സ്വദേശി പി. ഗോകുൽ ദാസ് (20) എന്നിവരെയാണ് ജെ.എഫ്.സി.എം-നാല് കോടതി റിമാൻഡ് ചെയ്തത്.
പാലക്കാട് സ്വദേശിയായ റെയിൽവേ ജീവനക്കാരൻ വിജുവിന്റെ പൾസർ 220 ബൈക്ക് പാലക്കാട് റെയിൽവേ ജോലിക്കാരുടെ വാഹനങ്ങൾ നിർത്തുന്ന ഗ്രൗണ്ടിൽനിന്ന് ജനുവരി 11ന് അർധരാത്രി സംഘം മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി നഗരത്തിലെത്തിച്ച് യാത്ര നടത്തവേ കഴിഞ്ഞദിവസം രാത്രി നടക്കാവ് സ്റ്റേഷൻ പരിധിയിലെ വാഹന പരിശോധനക്കിടെ സംശയകരമായ രീതിയിൽ ഓടിച്ച ബൈക്ക് നിർത്താൻ പൊലീസ് ആവശ്യപ്പെട്ടു.
എന്നാൽ, പ്രതികൾ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഉപേക്ഷിച്ച വാഹനത്തിന്റെ നമ്പർ പരിശോധിച്ചപ്പോൾ കണ്ണൂർ സ്വദേശിയായ ഒരാളുടെ വണ്ടിയുടെ തെറ്റായ നമ്പർ പതിച്ചതാണെന്ന് കണ്ടെത്തി. വാഹനത്തിന്റെ എൻജിൻ നമ്പറും ചേസിസ് നമ്പറും പരിശോധിച്ച് പൊലീസ് യഥാർഥ ഉടമയെ കണ്ടെത്തുകയായിരുന്നു.
ഉപേക്ഷിച്ച ബൈക്കിൽനിന്ന് ലഭിച്ച ഫോണിൽനിന്നും നിരവധി സി.സി ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒളിവിൽ കഴിഞ്ഞ ഇവരെ അറസ്റ്റ് ചെയ്തതും. പ്രതികളുടെ പേരിൽ വാഹന മോഷണം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്.
മറ്റ് ജില്ലകളിൽ നടന്ന സമാന കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. ജില്ലയിൽ കളവ് നടത്തിയാൽ പെട്ടെന്ന് പിടിക്കപ്പെടുന്നത് കൊണ്ടാണ് മറ്റ് ജില്ലകൾ വാഹനമോഷണത്തിന് തിരഞ്ഞെടുക്കുന്നത് എന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.
നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എസ്.ബി. കൈലാസ്നാഥ്, ബാബു പുതുശ്ശേരി, എ.എസ്.ഐ കെ. ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, എം.കെ. സജീവൻ എം., ഗിരീഷ്, സി. ഹരീഷ് കുമാർ, പി.എം. ലെനീഷ്, ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.