ചർമരോഗ ചികിത്സ; വ്യാജന്മാർ വിലസുന്നു
text_fieldsകോഴിക്കോട്: ചർമരോഗ ചികിത്സരംഗത്ത് വ്യാജന്മാർ പെരുകുന്നതായി പരാതി. വിവിധയിടങ്ങളിലെ ബ്യൂട്ടി പാർലറുകളുടെയടക്കം മറവിലാണ് ചർമരോഗ ചികിത്സ നടത്തുന്നത്. പല ബ്യൂട്ടി പാർലറുകളും ഡെർമറ്റോളജി ക്ലിനിക്കുകളായാണ് പ്രവർത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്.
അംഗീകൃത ഡിഗ്രിയോ മതിയായ വൈദഗ്ധ്യമോ ഇല്ലാതെയാണ് പലരും ചികിത്സ നടത്തുന്നത്. ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും ഇത്തരം വ്യാജന്മാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്സ് വെനറിയോളജിസ്റ്റ്സ് ആൻഡ് ലെപ്രാളജിസ്റ്റ്സ് (ഐ.എ.ഡി.വി.എൽ) സംസ്ഥാന കമ്മിറ്റി ജില്ല മെഡിക്കൽ ഓഫിസർ എൻ. രാജേന്ദ്രനും ജില്ല കലക്ടർ സ്നേഹിൽകുമാർ സിങ്ങിനും പരാതി നൽകി.
പല കേന്ദ്രങ്ങളിലും അംഗീകൃത ഡിഗ്രിയുള്ള ഒരു ചർമരോഗ വിദഗ്ധന്റെ പേര് പ്രദർശിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. നിയമക്കുരുക്കുകൾ ഒഴിവാക്കാനാണിങ്ങനെ പേര് പ്രദർശിപ്പിക്കുന്നതെന്നും അത്തരം സ്ഥലങ്ങളിൽ പലയിടത്തും ചികിത്സ നടത്തുന്നത് യോഗ്യതയില്ലാത്തവരാണെന്നും ഐ.എ.ഡി.വി.എൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പത്താംതരം പോലും വിജയിക്കാത്ത പലരും ബ്യൂട്ടിപാർലർ ബോർഡ് വെച്ച് ലേസർപോലും ഉപയോഗിച്ചുള്ള ചികിത്സ നടത്തുന്നുണ്ട്. അറിവില്ലാതെ ലേസർ ചികിത്സ നടത്തുന്നത് ശരീരം പൊള്ളുന്നതിനുൾപ്പെടെ ഇടവരുത്തും.
സമൂഹമാധ്യമങ്ങളിലൂടെ പരസ്യങ്ങൾ നൽകിയാണ് ഇവർ പ്രധാനമായും ആളുകളെ ആകർഷിക്കുന്നത്. ഈ മേഖലയെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തവരാണ് തട്ടിപ്പിനിരയാകുന്നത്. പലരും മാനഹാനി ഭയന്ന് പരാതി നൽകാതിരിക്കുകയാണ്.
ചർമരോഗ ചികിത്സരംഗത്ത് വ്യാജന്മാരെ കണ്ടെത്താൻ ഐ.എ.ഡി.വി.എൽതന്നെ ജില്ലകൾ തോറും പരിശോധന നടത്തുന്നുണ്ട്. ഡോക്ടർമാർതന്നെ രോഗികളെന്ന വ്യാജേന നേരിട്ടെത്തിയാണ് അനധികൃത ചികിത്സ കേന്ദ്രങ്ങളിലെത്തി തെളിവുകൾ ശേഖരിക്കുന്നത്. തെളിവുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കി ജില്ല കലക്ടർക്കും ജില്ല മെഡിക്കൽ ഓഫിസർക്കും റിപ്പോർട്ടായി സമർപ്പിക്കും. കോഴിക്കോട്ട് മാത്രം 25 സ്ഥാപനങ്ങളാണ് ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്നത്. കണ്ണൂരിൽ 21ഉം മലപ്പുറത്ത് 10ഉം സ്ഥാപനമുണ്ടെന്നാണ് ഇതിനകം കണ്ടെത്തിയത്.
ബി.ഡി.എസ്, എം.ഡി.എസ് ഡെന്റൽ ഡോക്ടർമാർ, ആയുഷ് പ്രാക്ടീഷണേഴ്സായ ആയുർവേദം, ഹോമിയോപ്പതി, പ്രകൃതി ചികിത്സകർ എന്നിവർക്ക് ചർമരോഗ ചികിത്സയോ സൗന്ദര്യവർധക ചികിത്സയോ നൽകാൻ അധികാരമില്ലെന്നും ഭാരവാഹികൾ പറഞ്ഞു. പി.ജി.ഡി.സി.സി, ഡി.എസ്.സി ഡർമറ്റോളജി, എം.എസ്സി ഡർമറ്റോളജി തുടങ്ങി അംഗീകാരമില്ലാത്ത ഡിഗ്രികൾ പ്രദർശിപ്പിച്ച് വിദേശ ഡിഗ്രികളാണെന്ന അവകാശവാദമുന്നയി ചിലർ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നും ഐ.എ.ഡി.വി.എൽ ഭാരവാഹികൾ അറിയിച്ചു.
നിലവിൽ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (പി.ആർ.പി), മുടി വെച്ചുപിടിപ്പിക്കൽ, ത്രെഡ് ലിഫ്റ്റിങ്, ഇലക്ട്രോ കോറ്ററി ആൻഡ് റേഡിയോ സർജറി, ബോട്ടോക്സ്, ഡെർമൽ ഫില്ലറുകൾ, ലേസർ ചികിത്സകൾ എന്നിവ വിദഗ്ധ ഡർമറ്റോളജിസ്റ്റ് മാത്രം നൽകേണ്ട ചികിത്സകളാണ്. ഇതിൽ പലതിനും ഡർമറ്റോളജിസ്റ്റുകൾക്കുതന്നെ പ്രത്യേക പരിശീലനവും ആവശ്യമാണ്. വളരെ ശ്രദ്ധയോടെ മാത്രം നൽകേണ്ട സ്റ്റിറോയ്ഡ് ഓയിൽമെന്റുകളുടെ ദുരുപയോഗംമൂലം രോഗം മൂർച്ഛിക്കുക മാത്രമല്ല, പലപ്പോഴും ഭേദപ്പെടുത്താൻ കഴിയാത്ത പാർശ്വഫലങ്ങൾ ഉണ്ടാവുകയും ചെയ്യും.
എം.ഡി ഡെർമറ്റോളജി, അംഗീകൃത സർവകലാശാലകൾ നൽകുന്ന ഡി.വി.ഡി, ഡി.ഡി, ഡി.എൻ.ബി ഡെർമറ്റോളജി എന്നിവയുള്ളവരാണ് തൊലി, മുടി, നഖം എന്നിവക്കുള്ള ചികിത്സ നൽകാൻ അംഗീകരിക്കപ്പെട്ട ഡോക്ടർമാരെന്നും ഭാരവാഹികൾ പറഞ്ഞു.
ഐ.എ.ഡി.വി.എൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.വി. രാകേഷ്, ഡോ. പ്രസന്നകുമാർ, ഡോ. ലസിത അലി, ഡോ. ടി. രേണുക, ഡോ. ജെ. അനിഷ, ഡോ. ജെന്നി മാത്യു, ഡോ. മുഹമ്മദ് റസ്മി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.