പെർമിറ്റ്, അപേക്ഷാഫീസ് വർധന; നിർമാണമേഖല പ്രതിസന്ധിയിൽ
text_fieldsകോഴിക്കോട്: കെട്ടിടങ്ങളുടെ പെർമിറ്റ്, അപേക്ഷാഫീസ് എന്നിവ കുത്തനെ വർധിപ്പിച്ചു സർക്കാർ നിർമാണ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് നിർമാണ തൊഴിലാളികൾ.
പഞ്ചായത്തുകളിൽ 100 മീറ്റർ സ്ക്വയറിന് 350 രൂപ അപേക്ഷ ഫീസ് വാങ്ങിയിരുന്ന സ്ഥാനത്ത് 5000 രൂപയായി വർധിപ്പിച്ചതായി കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. 100 മീറ്റർ സ്ക്വയറിന് മുകളിലുള്ള വീടുകൾക്ക് ഇതിൽ കൂടുതലാണ് ഫീസ്. 300 മീറ്റർ സ്ക്വയറിന് 45,000 രൂപയോളം ഫീസ് ഈടാക്കും.
കമേഴ്സ്യൽ കെട്ടിട പെർമിറ്റിനും അപേക്ഷ ഫീസ് കുത്തനെ ഉയർത്തി. 150 മീറ്റർ സ്ക്വയർ വരെയുള്ള കെട്ടിടങ്ങൾക്ക് 2250 രൂപ അപേക്ഷ ഫീസ് ഉണ്ടായിരുന്നത് 15,000 രൂപയായും 250 മീറ്റർ സ്ക്വയർ വരെയുള്ളത് 3750ൽ നിന്ന് 42,500 രൂപയായും 310 മീറ്റർ സ്ക്വയർ വരെയുള്ള കെട്ടിടങ്ങൾക്ക് 4500ൽ നിന്ന് 93,000 രൂപയായും വർധിപ്പിച്ചു.
നിർമാണ മേഖലയെയും മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളെയും വലിയതോതിൽ ബാധിക്കുന്നതാണ് വർധന. കെട്ടിട നികുതി, ലേബർ, റവന്യൂ നികുതി, കെട്ടിട നിർമാണ വസ്തുക്കളുടെ വില വർധന എന്നിവ കൂടിയാകുമ്പോൾ നിർമാണ മേഖല സ്തംഭിക്കും.
കെട്ടിട നിർമാണ വസ്തുക്കളിൽ പ്രധാനമായ മെറ്റൽ ടാക്സും വർധിപ്പിച്ചിരിക്കുകയാണ്. മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ചന്ദ്രൻ, സന്തോഷ് കുമാർ, വി.പി. ശശിധരൻ, എൻ.കെ. റഷീദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.