ദേശീയ സിമ്പോസിയത്തിനു സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ തുടക്കമായി
text_fieldsസുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചും സുഗന്ധവിളകളെക്കുറിച്ചുമുള്ള ത്രിദിന ദേശീയ സിമ്പോസിയത്തിനു കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ തുടക്കമായി. ഇന്ത്യൻ സൊസൈറ്റി ഓഫ് സ്‌പൈസസ് സംഘടിപ്പിക്കുന്ന നാഷണൽ സിമ്പോസിയം ഓൺ സ്‌പൈസസ് ആൻഡ് ആരോമാറ്റിക് ക്രോപ്‌സിന്റെ (സിംസാക്) പതിനൊന്നാം പതിപ്പാണ് വ്യാഴാഴ്ച വരെ ഗവേഷണകേന്ദ്രത്തിൽ വച്ച് നടക്കുന്നത്.
സിമ്പോസിയം ഇന്ത്യൻ കാർഷിക ഗവേഷണ കൌൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. സഞ്ജയ് കുമാർ സിംഗ് ഉദ്‌ഘാടനം ചെയ്തു. അന്താരാഷ്ട്ര വിപണികളിൽ സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യ വർധിത ഉത്പന്നങ്ങൾക്കുള്ള ആവശ്യകതയും, ഉയർന്ന തോതിലുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ അനിവാര്യതകളെ കുറിച്ചും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഐ.സി.എ.ആർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. സുധാകർ പാണ്ഡെ ചടങ്ങിൽ വിശിഷ്ടാതിഥിയായി.
ഐ.ഐ.എസ്.ആർ ഡയറക്ടർ ഡോ. ആർ ദിനേശ്, കോഴിക്കോട് അടക്ക സുഗന്ധവിള ഗവേഷണ ഡയറക്ടറേറ്റ് ഡയറക്ടർ ഡോ. ഹോമി ചെറിയാൻ, സി.ഡബ്ള്യു.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ, നബാർഡ് തിരുവനന്തപുരം മേഖല ഓഫീസ് ജനറൽ മാനേജർ ശ്രീ. എച്. മനോജ് എന്നിവർ സംസാരിച്ചു. സുഗന്ധവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റും ഐ.എസ്.എസ്. പ്രെസിഡന്റുമായ ഡോ. കെ കണ്ടിഅണ്ണൻ സിമ്പോസിയത്തെകുറിച്ചുള്ള അവതരണവും ഡോ. വി ശ്രീനിവാസൻ നന്ദിയും പ്രകാശിപ്പിച്ചു.
'നൂതന ഉല്പാദനരീതികൾ, ഉല്പന്ന വൈവിധ്യവൽക്കരണം, വിനിയോഗം എന്നിവയ്ക്കുള്ള മാർഗങ്ങൾ' എന്ന വിഷയത്തിലുള്ള ഇരുന്നൂറോളം വിഷയാവതരണങ്ങൾ സിമ്പോസിയത്തിന്റെ ഭാഗമായി നടക്കും . രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി വിദ്യാർഥികൾ, ഗവേഷകർ, ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട് . സിമ്പോസിയത്തോടനുബന്ധിച്ച് കർഷക വ്യവസായ മേഖലയിൽ നിന്നുള്ളവർ നയിക്കുന്ന ചർച്ചയും നാളെ നടക്കും. ഐ.ഐ.എസ്.ആർ ചന്ദ്ര, ഐ.ഐ.എസ്.ആർ പ്രതിഭ എന്നിവയുടെ പുതിയ ഉല്പാദന ലൈസന്സുകളും ചടങ്ങിൽ വച്ച് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.