വ്യക്തിഗത ഗുണഭോക്താക്കളെ തഴഞ്ഞ് തൊഴിലുറപ്പ് പദ്ധതിയിൽ പരിഷ്കരണം
text_fieldsകോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വ്യക്തിഗത ഗുണഭോക്താക്കളെ തഴഞ്ഞ് തൊഴിലുറപ്പ് പദ്ധതിയിൽ പരിഷ്കരണം. ഗുണഭോക്താക്കൾക്ക് വ്യക്തിഗതമായി ലഭിച്ചിരുന്ന ആനുകൂല്യങ്ങളുടെ അനുപാതത്തിൽ വൻ വ്യതിയാനം വരുത്തിയാണ് സർക്കാർ തിരക്കുപിടിച്ച് ഉത്തരവിറക്കിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഈ ഗൂഢനീക്കം. തൊഴിലുറപ്പ് പദ്ധതി പ്രകാരം മുൻകാലങ്ങളിൽ തദ്ദേശഭരണസ്ഥാപനം ആകെ ചെലവഴിക്കുന്ന തുകയുടെ 40 ശതമാനം തുക അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണത്തിന് ചെലവഴിക്കാമെങ്കിലും അതിന്റെ 10 ശതമാനം മാത്രമേ റോഡ് പ്രവൃത്തികൾക്കായി വിനിയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ.
ആട്ടിൻ കൂട് നിർമാണം, കാലിത്തൊഴുത്ത് നിർമാണം, കോഴി കൂട് നിർമാണം, മീൻകൃഷിക്കുള്ള തടാകം, കുളം തുടങ്ങിയവ ഉൾപ്പെടെ 30 ശതമാനം തുകയും വ്യക്തിഗത ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾക്കായി വിനിയോഗിക്കണമെന്ന കർശന നിബന്ധനയുണ്ടായിരുന്നു. ഇത് കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ഏറെ ഗുണപ്രദമായിരുന്നു. ഗുണഭോക്താക്കളായ വ്യക്തികൾ തന്നെ മുൻകൈ എടുത്ത് നടപ്പാക്കിയിരുന്നതിനാൽ കരാറുകാരുടെ ഇടപെടൽ സാധ്യത വളരെകുറവായിരുന്നു.
പുതിയ ഉത്തരവുപ്രകാരം കോൺട്രാക്ടർമാരെ വെച്ചുള്ള റോഡ് പ്രവൃത്തിക്കാണ് ഉൗന്നൽ നൽകുന്നത്. പുതിയ ഉത്തരവ് പ്രകാരം ഭൗതിക നിർമാണത്തിന്റെ 30 ശതമാനവും റോഡുപണികൾക്കും 10 ശതമാനം മാത്രം വ്യക്തിഗത നിർമാണ പ്രവൃത്തികൾക്കും ചെലവഴിക്കാം.. റോഡു പണികളിൽ ഭൂരിപക്ഷവും റോഡ് കോൺക്രീറ്റും ഇൻ്റർലോക്ക് പാകലും ആണ്.
കരാറുകാരുടെ മേൽനോട്ടത്തിൽ ചെയ്യുന്ന പണികളുടെ സിമൻ്റ് വിലയിലും ഇൻ്റർലോക്ക് സിമൻ്റ് കട്ടയുടെ വിലയിലും എൽ.എസ്.ജി.ഡി വർക്കുകളേക്കാൾ വളരെ കൂടിയ നിരക്കുകളാണ് നൽകുന്നതെന്ന് വ്യാപക ആക്ഷേപം നിലനിൽക്കുകയുമാണ്.
ആക്ഷേപം ശരിയാണെന്ന് പല തദ്ദേശ ഭരണ സ്ഥാപനങ്ങളിലും നടന്ന കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ടുമെൻ്റിൻ്റെ (ലോക്കൽ ഫണ്ട് ഓഡിറ്റ്) പരിശോധന റിപ്പോർട്ടുകളിൽ പരാമർശം ഉള്ളതുമാണ്. എസ്റ്റിമേറ്റ് തയാറാക്കുന്നതും അളവെടുക്കുന്നതും തുക അനുവദിക്കുന്നതുമെല്ലാം കരാർജീവനക്കാർ ആയതിനാലും മുകൾത്തട്ട് പരിശോധന സംവിധാനങ്ങൾ ഫലപ്രദമല്ലാത്തതിനാലുമാണ് അഴിമതിക്ക് ഇടംകിട്ടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.