വേണ്ടേ, പകർച്ചവ്യാധികൾക്ക് നിയന്ത്രണം?
text_fieldsകോഴിക്കോട്: ജില്ലയിൽ ജല, കൊതുകുജന്യ രോഗങ്ങൾ നിയന്ത്രിക്കാൻ കഴിയാത്തത് ആശങ്കപരത്തുന്നു. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മലേറിയ, എലിപ്പനി തുടങ്ങിയവയാണ് പകർന്നുപിടിക്കുന്നത്.
മാലിന്യ സംസ്കരണ സംവിധാനങ്ങളും ഭക്ഷ്യശുചിത്വ പരിപാലനവും പരാജയപ്പെടുന്നതാണ് പകർച്ചവ്യാധി നിയന്ത്രണത്തിൽ പ്രതിസന്ധിയാവുന്നത്. ഭക്ഷണം വിൽക്കുന്ന സ്ഥാപനങ്ങൾ ശുചിത്വ പ്രോട്ടോകോൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നതും രോഗം വ്യാപിക്കാൻ ഇടയാക്കുന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത്.
എന്നാൽ, നിയന്ത്രിക്കാൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പോ, തദ്ദേശ സ്ഥാപനങ്ങളോ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപവും ശക്തമായി.
പകർച്ചവ്യാധി മരണനിരക്ക് വർധിച്ചിട്ടും സർക്കാർ സംവിധാനങ്ങൾ നിസ്സംഗത പാലിക്കുകയാണ്. ഭക്ഷ്യസംസ്കാരത്തിൽ വന്ന മാറ്റവും ജലജന്യരോഗ വ്യാപനത്തിന് ഇടയാക്കുന്നുണ്ട്. ഹോട്ടലുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പോ, ഭക്ഷ്യസുരക്ഷ വകുപ്പോ കൃത്യമായ പരിശോധന നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
വിവാഹ സൽക്കാരങ്ങളിലും മറ്റും വിതരണം ചെയ്യുന്ന വർണപ്പകിട്ടാർന്ന വെൽക്കം ഡ്രിങ്കുകൾ പലയിടങ്ങളിലും മഞ്ഞപ്പിത്ത വ്യാപനത്തിന് ഇടയാക്കുന്നുണ്ട്. പരിശോധന നടത്തി നടപടി സ്വീകരിക്കുന്നുണ്ടെന്ന് കോർപറേഷൻ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും വിശദീകരിക്കുമ്പോഴും നഗരത്തിൽ ഹോട്ടലുകളിൽനിന്നും മറ്റും ഭക്ഷണം കഴിക്കുന്നവർക്ക് മഞ്ഞപ്പിത്തം ബാധിക്കുന്നത് പതിവായിരിക്കുകയാണ്. ഈയിടെ കണ്ണൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച യുവാക്കൾ കോഴിക്കോട്ടെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ശുചിത്വമില്ലാത്ത വെള്ളത്തിൽ തയാറാക്കുന്ന ഐസും ഭക്ഷണം തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും കൃത്യമായ ശുചിത്വ പ്രോട്ടോകോൾ പാലിക്കാത്തതും രോഗവ്യാപനത്തിന് കാരണമാവുന്നുണ്ട്. മാലിന്യം കൃത്യമായി സംസ്കരിക്കാത്തതാണ് നഗരപരിധിയിൽ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാവുന്നത്. എലിപ്പനി, ടൈഫോയിഡ്, മലേറിയ തുടങ്ങിയവയും മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണക്കുകൾ കൃത്യമായി ആരോഗ്യ വകുപ്പ് പുറത്തുവിടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.