പശുക്കളിൽ പകർച്ചവ്യാധികൾ ; കർഷകർക്ക് ആധികൾ
text_fieldsകോഴിക്കോട്: കാലിത്തീറ്റ വിലയിലും ഉൽപാദനക്കുറവിലും ദുരിതത്തിലായ ക്ഷീരകർഷകർക്ക് ഇരുട്ടടിയാവുകയാണ് പശുക്കളിലെ പകർച്ചവ്യാധികൾ. തൈലേറിയ, ചുകപ്പുദീനം (ബബീസിയ) തുടങ്ങിയ രോഗങ്ങൾ വലിയ തോതിൽ പടരുകയാണ്. ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്ത് നൂറുകണക്കിന് പശുക്കളാണ് തൈലേറിയ ബാധിച്ച് ചത്തത്. ജില്ലയിലെ ഓരോ പഞ്ചായത്തുകളിലും ദിവസവും പത്തോളം കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം ജില്ല മൃഗാശുപത്രിയിൽ 70 തൈലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് കണക്ക്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന സങ്കരയിനം പശുക്കൾക്കിടയിലാണ് രോഗം പടരുന്നത്.
ക്ഷീരവികസന വകുപ്പ് സബ്സിഡി നൽകുന്നതിനാൽ മിൽക്ക്ഷെഡ് പദ്ധതിയിലൂടെ ആയിരക്കണക്കിന് പശുക്കളാണ് ഓരോ വർഷവും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്. അഞ്ചുലക്ഷം രൂപക്ക് പശുവിനെ വാങ്ങിയാൽ രണ്ടരലക്ഷം രൂപ സബ്സിഡി ലഭിക്കുന്നതിനാൽ നിരവധി പേരാണ് പശുക്കളെ വാങ്ങി ഡെയറി ഫാം ആരംഭിച്ചത്. എന്നാൽ, പശുക്കൾ കൂട്ടത്തോടെ ചാവുന്നത് കർഷകർക്ക് തിരിച്ചടിയാവുകയാണ്. കുളമ്പ് രോഗവും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാവുന്ന വയറിളക്കവും പനിയും പശുക്കൾക്കിടയിൽ വ്യാപകമാകുന്നുണ്ട്.
തൈലേറിയ പ്രതിരോധ കുത്തിവെപ്പ് ഇല്ലാത്തതാണ് കർഷകരെ പ്രയാസത്തിലാക്കുന്നത്. മൂന്ന് ഡോസ് മരുന്നാണ് രോഗത്തിന് നൽകുന്നത്. ഒരു ഡോസിന് 1500 രൂപയാണ്. ഡോക്ടറെ വീട്ടിൽ കൊണ്ടുവരുന്നതിനും മറ്റുമുള്ള ചെലവ് വേറെയും. മൂന്നു ഡോസ് മരുന്ന് കുത്തിവെക്കുമ്പോഴേക്കും പതിനായിരത്തോളം രൂപ ചെലവാകും. സർക്കാർ മൃഗാശുപത്രികളിൽ ഇതിനുള്ള മരുന്ന് വളരെ കുറച്ച് ഡോസ് മാത്രമുള്ളതിനാൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽനിന്ന് വലിയ വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്. വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം. ഉൽപാദനം കുറഞ്ഞതിനാൽ സൊസൈറ്റി പാൽവില കൂട്ടണമെന്നാണ് ഇവർ പറയുന്നത്.
തൈലേറിയ വന്നാൽ...
തൈലേറിയ രോഗം ബാധിച്ചാൽ ശക്തമായ പനിമൂലം തീറ്റയെടുക്കാനാവില്ല. അയവെട്ടില്ല. കണ്ണിൽനിന്നും മൂക്കിൽ നിന്നും വെള്ളമൊലിക്കും. കൺപോളകളും ചെവിയും വീങ്ങുകയും കടുത്ത ക്ഷീണം ഉണ്ടാവുകയും ചെയ്യും. രോഗംബാധിച്ച പശുവിന് പാൽ ഉൽപാദനവും കുറയും. കുഴഞ്ഞുവീണാണ് പശുക്കൾ ചാവുന്നത്.
ആരോഗ്യ പരിശോധനകളില്ലാത്ത കന്നുകാലി ഇറക്കുമതി, രോഗാണുക്കളുടെ വർധന, പശുക്കളുടെ പ്രതിരോധശേഷിക്കുറവ് എന്നിവയാണ് തൈലേറിയ പടരാൻ പ്രധാന കാരണം. അസുഖം ബാധിച്ച പശുക്കളെ കടിക്കുന്ന ഈച്ചകൾ മറ്റ് പശുക്കളിലേക്ക് രോഗം പടർത്തുന്നതിനാൽ വളരെ വേഗം അസുഖം വ്യാപിക്കും. രോഗം വന്നാൽ 95 ശതമാനം പശുക്കളും ചാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.