അടിസ്ഥാന സൗകര്യങ്ങൾ അകലെ; എസ്റ്റേറ്റ് പാടികളിൽ ദുരിതമഴ
text_fieldsപൊഴുതന: മഴക്കാലത്തിനുമുമ്പേ എസ്റ്റേറ്റ് പാടികളുടെ നവീകരണം മിക്കയിടങ്ങളിലും പൂർത്തീകരിക്കാത്തതിനാൽ തോട്ടം തൊഴിലാളികൾക്ക് ഇക്കൊല്ലവും ദുരിതകാലം. കുടുസ്സു മുറികളില്‍ ഒരുകൂട്ടം മനുഷ്യര്‍ തിങ്ങിഞെരുങ്ങിക്കഴിയുന്ന സങ്കടക്കാഴ്ചയാണ് എസ്‌റ്റേറ്റ് പാടികളിലേത്.
സ്വന്തമായി തുണ്ടുഭൂമിയോ കിടക്കാനിടമോ ഇല്ലാത്ത നൂറുകണക്കിന് പേരാണ് പതിറ്റാണ്ടുകളായി ദുരിതം പേറുന്നത്. തേയില നുള്ളിയും കാപ്പി പറിച്ചും കാലാകാലങ്ങളായി തോട്ടം മേഖലയിൽ തന്നെ ജീവിച്ചുപോരുന്നവരാണിവർ. ഭൂമിക്കോ വേതനത്തിനോ ശക്തമായൊരു പ്രതിഷേധം പോലുമുയർത്താനാകാതെയാണ് ഇവരുടെ ജീവിതം.
ഒരുദിവസം എട്ടു മണിക്കൂർ ജോലിചെയ്താൽ ആകെ ലഭിക്കുന്നത് 412 രൂപയാണ്. ഇതിൽ പി.എഫ് അടക്കമുള്ള തുക പിടിച്ചാൽ ബാക്കിയാവുന്നത് പ്രതിമാസം 7000 രൂപ.
നിത്യോപയോഗ സാധനങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവക്കെല്ലാം മുടക്കേണ്ടിവരുന്ന തുകയുടെ അളവ് ക്രമാതീതമായി വർധിക്കുന്നതും വരുമാനം കൂടാത്തതും കുടുംബങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു.
ഓടുകൾ തകർന്ന് മേൽക്കൂര ക്ഷയിച്ചും ഭിത്തികൾ വിണ്ടുകീറുകയും ചെയ്ത പാടികളിൽ മഴയും മഞ്ഞും ചെറുത്ത് കാലംകഴിക്കുന്ന ഇവരുടെ സങ്കടങ്ങൾ അധികൃതർ കാണാറില്ല.
ജില്ലയിലെ തേയിലത്തോട്ടങ്ങളോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന ഇത്തരം പാടികളില്‍ ആയിരക്കണക്കിനു പേരാണു ജീവിക്കുന്നത്.
1939കളിൽ ബ്രിട്ടീഷുകാരുടെ കാലത്തു നിര്‍മിച്ച പാടികളില്‍പോലും ഇപ്പോഴും താമസിക്കുന്നവർ നിരവധിയാണ്.
കഠിനാധ്വാനവും പട്ടിണിയും മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്. മഴക്കാലമാകുന്നതോടെ മരണഭയവും ഇവരെ വേട്ടയാടുന്നു. തോട്ടത്തിൽനിന്ന് പിരിഞ്ഞുപോയാൽ, ഗ്രാറ്റ്വറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കണമെന്നതും ഇവരുടെ പ്രയാസങ്ങൾ ഇരട്ടിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.