കുതിരവട്ടത്തുനിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി; മണിക്കൂറുകൾക്കകം പിടിയിൽ
text_fieldsകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് അന്തേവാസികൾ ചാടിപ്പോകുന്നത് പതിവാകുന്നു. ചൊവ്വാഴ്ച രാവിലെ കുന്ദമംഗലം സ്വദേശിയായ 24 കാരനാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തെ മണിക്കൂറുകൾക്കകം മടവൂർ ഭാഗത്തുനിന്ന് പിടികൂടി. ഒമ്പതു ദിവസത്തിനിടെ രണ്ട് സ്ത്രീകളടക്കം അഞ്ചുപേരാണ് ഇവിടെനിന്ന് ചാടിപ്പോയത്.
ഇതിൽ രണ്ടുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ചികിത്സയുടെ ഭാഗമായി കുന്ദമംഗലം സ്വദേശിയെ ഐസൊലേഷൻ വാർഡിൽനിന്ന് ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് പുറത്തിറക്കിയത്. ഈ സമയം ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ബന്ധുവീട്ടിലെത്തിയതായി വിവരം ലഭിച്ചെങ്കിലും അന്വേഷണത്തിൽ കണ്ടെത്താനായില്ല. തിരച്ചിലിനിടെ ഉച്ചക്ക് കുന്ദമംഗലം -നരിക്കുനി റൂട്ടിലെ സ്വകാര്യബസിൽനിന്ന് മടവൂർ ഭാഗത്തുനിന്നാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടി തിരിച്ചെത്തിച്ചത്.
പോയതിൽ മഹാരാഷ്ട്ര സ്വദേശിനിയായ 17കാരിയും നടക്കാവ് സ്വദേശിയായ 39 കാരനെയുമാണ് ഇതുവരെയും കണ്ടെത്താത്തത്. ഇരുവർക്കുമായി മെഡിക്കൽ കോളജ് പൊലീസിെൻറ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഞായറാഴ്ച പുലർച്ചയോടെയാണ് മഹാരാഷ്ട്ര സ്വദേശിനി മേൽക്കൂരയിലെ ഓട് പൊളിച്ച് രക്ഷപ്പെട്ടത്. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്ന് വെള്ളിമാട്കുന്ന് ബാലമന്ദിരത്തിൽനിന്ന് ജനുവരി 22നാണ് യുവതിയെ ഇവിടെയെത്തിച്ചത്. ഫെബ്രുവരി 14നാണ് നടക്കാവ് സ്വദേശി വാർഡിൽനിന്ന് കുളിക്കാൻ പുറത്തിറങ്ങി കടന്നുകളഞ്ഞത്.
നേരേത്ത രക്ഷപ്പെട്ട മലപ്പുറം സ്വദേശിനിയെ മലപ്പുറത്തുനിന്നും വണ്ടൂർ സ്വദേശിയെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പിടികൂടി തിരിച്ചെത്തിച്ചത്. മലപ്പുറം സ്വദേശിനി വാർഡിെൻറ ചുമർ തുറന്നും വണ്ടൂർ സ്വദേശി ശുചിമുറിയുടെ ജനൽ പൊളിച്ചുമായിരുന്നു രക്ഷപ്പെട്ടത്. മതിയായ സുരക്ഷ ജീവനക്കാരില്ലാത്തതാണ് കുതിരവട്ടത്തുനിന്ന് അന്തേവാസികൾ ചാടിപ്പോകാൻ കാരണമെന്നാണ് മാനസികാരോഗ്യ കേന്ദ്രം അധികൃതർ പറയുന്നത്.
സുരക്ഷ ജീവനക്കാരെ നിയമിക്കുന്നു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പുരുഷ, വനിത സുരക്ഷജീവനക്കാരെ നിയമിക്കുന്നു. വിമുക്ത ഭടന്മാർക്കും വിരമിച്ച വനിത പൊലീസ് ഓഫിസർമാർക്കും സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 24ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. മതിയായ സുരക്ഷജീവനക്കാരില്ലാത്തതിനെ തുടർന്ന് ഹൈകോടതി ഇടപെടലിലാണ് താൽക്കാലിക നിയമനം നടത്താൻ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.