വൃത്തിയോടെ ഭക്ഷിക്കാം
text_fieldsകോഴിക്കോട്: മഞ്ഞപ്പിത്തമടക്കം വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങൾ വ്യാപകമായതോടെ ജില്ലയിൽ ഭക്ഷ്യവിൽപന ശാലകളിൽ പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്.
ഭക്ഷണ വിൽപനശാലകളിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്തം പകരുന്നതായുള്ള ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയത്.
കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർവരെ 233 സ്ഥാപനങ്ങളിൽനിന്ന് 7,75,500 രൂപ പിഴ ഈടാക്കി. 1928 പരിശോധനകൾ നടത്തി. ഇക്കാലയളവിൽ 1333ഓളം സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ‘ഈറ്റ് റൈറ്റ്’ ചലഞ്ചിന്റെ ഭാഗമായി ജില്ലയിൽ 91 ഹോട്ടലുകൾ ശുചിത്വ നിലവാര പരിശോധന പൂർത്തിയാക്കി സർട്ടിഫൈ ചെയ്തതായി ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമീഷണർ എ. സക്കീർ ഹുസൈൻ കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ അറിയിച്ചു.
ഭക്ഷ്യസുരക്ഷ വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഏജൻസികൾ പരിശോധിച്ചാണ് ഹോട്ടലുകൾക്ക് ശുചിത്വ നിലവാര സർട്ടിഫിക്കറ്റ് നൽകുക. മൂന്ന് സ്കൂളുകൾ, ആറ് കോളജ് കാമ്പസുകൾ, രണ്ട് ക്ഷേത്രങ്ങൾ എന്നിവ യഥാക്രമം ഈറ്റ് റൈറ്റ് സ്കൂൾ, കാമ്പസ്, ആരാധനാലയമായി സർട്ടിഫൈ ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
മൂന്ന് മാസക്കാലയളവിൽ 7979 സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും 2191 ലൈസൻസും നൽകി. 960 ഹോട്ടൽ തൊഴിലാളികൾക്ക് പരിശീലനം നൽകി.
കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി സ്കൂൾ, അൽഫോൻസ് സീനിയർ സെക്കൻഡറി സ്കൂൾ താമരശ്ശേരി എന്നിവക്ക് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
പാർസൽ ഭക്ഷണത്തിനും ലേബൽ നിർബന്ധം
കോഴിക്കോട്: ഹോട്ടലുകളിൽനിന്നും ഫാസ്റ്റ് ഫുഡ് കടകളിൽനിന്നും ഭക്ഷണം പാർസലായി വാങ്ങിക്കഴിക്കുന്നവർക്ക് വിവിധതരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നതായി പരാതി വർധിച്ചുവരുന്നതിനാൽ ഇത്തരം കടകളിൽ പരിശോധന കർശനമാക്കിയതായി ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമീഷണർ അറിയിച്ചു.
പാർസൽ ഭക്ഷണങ്ങൾ കൊടുക്കുമ്പോൾ ഭക്ഷ്യസുരക്ഷ വകുപ്പ് നിർദേശിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണം. ഭക്ഷണത്തിന്റെ പാക്കറ്റിലോ കാഷ് ബില്ലിലോ ഭക്ഷണം എത്ര സമയത്തിനകം കഴിക്കണം എന്ന് നിർദേശിക്കണം.
മയനൈസ് പോലുള്ള പെട്ടെന്ന് കേടാവുന്ന ഭക്ഷണങ്ങൾ പാർസൽ വാങ്ങിക്കഴിക്കുന്നവരിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് പാർസൽ ഭക്ഷണത്തിനും ലേബൽ നിർബന്ധമാക്കുന്നത്. ജില്ലയിൽ ഒരാഴ്ചക്കിടെ 44 കടകളിൽ ലേബൽ പരിശോധന നടത്തി. നാലു കടകൾക്ക് ഫൈൻ ഈടാക്കി. ആറ് കടകൾക്ക് പിഴവുകൾ തിരുത്താൻ നോട്ടീസ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.