ക്വാറികളില്‍ പരിശോധന; ക്രമക്കേടുകൾ റിപ്പോർട്ടാക്കി കലക്ടർക്ക് നൽകും
text_fieldsകോഴിക്കോട്: വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി ക്വാറികളിൽ പരിശോധന നടത്തി. തദ്ദേശ സ്വയംഭരണം, മൈനിങ് ആൻഡ് ജിയോളജി, പൊലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് കൊടിയത്തൂര്‍ മേഖലയിലെ ക്വാറികളിൽ പരിശോധന നടത്തിയത്.
ക്വാറികളുടെ ഖനനാനുമതി, എക്സ്പ്ലോസിവ് ലൈസന്‍സ്, പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട്, നിയമപരമായി സ്ഥാപിക്കേണ്ട ജി.പി.എസ് റീഡിങ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍, ക്വാറിയുടെ അതിരുകളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷ ഫെന്‍സിങ് തുടങ്ങിയവയാണ് പരിശോധിച്ചത്. ഉദ്യോഗസ്ഥ സംഘം രേഖകള്‍ പരിശോധിക്കുകയും ഖനന സൈറ്റുകളിലെത്തി മൈനിങ് പ്ലാന്‍ പ്രകാരമുള്ള കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തുകയും ചെയ്തു.
പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളും മറ്റുകാര്യങ്ങളും സമഗ്ര റിപ്പോര്‍ട്ട് തയാറാക്കി ജില്ല കലക്ടര്‍ സ്നേഹിൽ കുമാർ സിങ്ങിന് ഉടന്‍ നല്‍കും. ക്വാറിയില്‍ ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍, പരിചയം, വിവിധ ലൈസന്‍സില്‍ നിർദേശിച്ച നടപടിക്രമങ്ങളുടെ പാലനം എന്നിവയും സംഘം പരിശോധിച്ചു.
കോഴിക്കോട് താലൂക്കില്‍ മാത്രം 36 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈകോടതി ഉത്തരവുപ്രകാരം, ക്വാറികളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥതല സംഘം രൂപവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, വടകര ആർ.ഡി.ഒമാരുടെ നേതൃത്വത്തില്‍ വിജിലന്‍സ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി ജില്ലയില്‍ രൂപവത്കരിച്ചിട്ടുണ്ട്. കൂടാതെ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ജില്ലതല കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തടയുന്നതിനും ക്വാറികളുമായി ബന്ധപ്പെട്ട പരാതികളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് കമ്മിറ്റി രൂപവത്കരിച്ചത്.
സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്. മീണ, തദ്ദേശസ്വയം ഭരണ വകുപ്പിലെ അസി. ഡയറക്ടര്‍ പൂജലാല്‍, ഇന്റേണല്‍ വിജിലന്‍സ് ഓഫിസര്‍ ടി. ഷാഹുല്‍ ഹമീദ്, മൈനിങ് ആൻഡ് ജിയോളജിക്കല്‍ അസിസ്റ്റന്റ് ശ്രുതി, ആര്. രേഷ്മ, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അസിസ്റ്റന്റ് എൻജിനീയര്‍ കെ. ബിജേഷ്, മുക്കം സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത്, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരായ ഷനില്‍കുമാര്‍, പത്മകുമാര്‍, രതിദേവി, മനീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.