അന്തർ സംസ്ഥാന മത്സ്യ ഇറക്കുമതി; ഫിഷ് ലാൻഡിങ് സെൻററിൽ സംഘർഷം
text_fieldsബേപ്പൂർ: അന്തർ സംസ്ഥാനങ്ങളിലെ മത്സ്യം ചാലിയം ഫിഷ് ലാൻഡിങ് സെൻററിലെത്തിച്ച് വിൽപന നടത്തുന്നത് തടയാനെത്തിയ പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് അക്രമത്തിൽ പരിക്കേറ്റു.
സാരമായി പരിക്കേറ്റ ചാലിയം സ്വദേശി കെ.സി. അനീസിനെ (32) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിെൻറ വാരിയെല്ലിനും കാൽമുട്ടിനും പരിക്കുണ്ട്. കണ്ണിനും കാര്യമായ ക്ഷതമേറ്റു.
നൂറുകണക്കിന് വള്ളങ്ങൾ ദിനംപ്രതി മത്സ്യ വിപണനം നടത്തുന്ന ചാലിയത്ത്, അന്തർ സംസ്ഥാനങ്ങളിൽനിന്ന് ലോറിയിൽ എത്തിക്കുന്ന ഫോർമാലിൻ കലർത്തിയ മീൻ കുറഞ്ഞ വിലക്ക് വിപണനം നടത്തുന്നുവെന്നാണ് പരമ്പരാഗത മീൻപിടിത്തക്കാർ ആരോപിക്കുന്നത്. ഇതുകാരണം നാട്ടുകാർ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് ന്യായവില കിട്ടാത്തതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്.
ഇതിനെ ചോദ്യം ചെയ്തപ്പോൾ, വൻകിട കച്ചവടക്കാരുടെ ഗുണ്ടകൾ ചേർന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളിയായ അനീസിനെ കടന്നാക്രമിച്ചുവെന്നാണ് പരാതി.
വിഷം കലർത്തിയ അന്തർ സംസ്ഥാന മത്സ്യത്തിെൻറ വിപണനം ഹാർബറിൽ തടയാൻ ബന്ധപ്പെട്ട ഫിഷറീസ്-പൊലീസ് അധികാരികൾ തയാറായില്ലെങ്കിൽ, മത്സ്യബന്ധനം നിർത്തിവെച്ച് ഹാർബർ ഉപരോധം അടക്കമുള്ള സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൻ പൊള്ളയിൽ, സെക്രട്ടറി എം.പി. അബ്ദുൽ റാസിഖ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.