അധികൃതരേ കണ്ണുതുറക്കൂ; ഇനിയും കണ്ണീര് കാണാൻ വയ്യ!
text_fieldsകോഴിക്കോട്: ആലുവയിലെ ആ അഞ്ചുവയസ്സുകാരിയുടെ നിലവിളി നമ്മുടെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ബിഹാർ സ്വദേശിനിയായ ആ കുരുന്നിന്റെ പുഞ്ചിരിക്കുന്ന ചിത്രം എത്ര കാലങ്ങൾക്കപ്പുറമാണ് മലയാളിയുടെ മനസ്സിൽനിന്ന് മായുക. ഇത്തരമൊരു കുഞ്ഞിന്റെ നിലവിളി കോഴിക്കോട് കടപ്പുറത്തുനിന്നും കേൾക്കാതിരിക്കാൻ അടച്ചുപിടിച്ച കണ്ണുകൾ അധികൃതർ തുറന്നേ മതിയാവൂ.
ദിനംപ്രതി ആയിരക്കണക്കിനാളുകൾ വന്നുപോകുന്ന കടപ്പുറത്ത് രാപ്പകൽ ഭേദമില്ലാതെ അലഞ്ഞുതിരിയുന്നത് അന്തർസംസ്ഥാനക്കാരായ നിരവധി കുട്ടികളാണ്. കഴിക്കാൻ നല്ല ഭക്ഷണവും ഉടുക്കാൻ നല്ല വസ്ത്രവുമില്ല എന്നതടക്കമുള്ള പരിമിതികളെയെല്ലാം, കടപ്പുറത്തെത്തുന്നവർക്കു മുന്നിൽ കുഞ്ഞുകൈകൾ നീട്ടി കിട്ടുന്ന സഹായത്താൽ അവർ മറികടക്കുന്നുണ്ട്. എന്നാൽ, ഈ ഓമനബാല്യങ്ങളുടെ സുരക്ഷിതത്വം ആരുടെ കൈകളിലാണ് എന്ന ചോദ്യമാണ് ഇവരെ കാണുന്നവർ ഉന്നയിക്കുന്നത്. തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിക്കാനുൾപ്പെടെ നിരവധി സംവിധാനങ്ങളും പദ്ധതികളുമുണ്ടെങ്കിലും പലരും ഇതിന്റെയെല്ലാം പരിധിക്കു പുറത്താണ്.
ദിവസങ്ങൾക്കുമുമ്പ് കോഴിക്കോട്ടെത്തിയ രാജസ്ഥാനിൽനിന്നുള്ള സംഘം ഇപ്പോൾ കഴിയുന്നത് കോർപറേഷൻ ഓഫിസിന് തൊട്ടുമുന്നിൽ കടപ്പുറത്തുള്ള പൊലീസ് എയ്ഡ് പോസ്റ്റ് കാബിനിന്റെ അടിയിലാണ്. ശക്തമായ മഴയിലും പൊള്ളുന്ന വെയിലിലും ഇവരിവിടെ ഉണ്ടാവാറുണ്ട് എന്നാണ് സമീപത്തെ കച്ചവടക്കാർ പറയുന്നത്. അന്തിയുറക്കവും ഇതിനടിയിൽതന്നെ. ഇവരുടെ ബാഗുകളും വസ്ത്രങ്ങളും എന്തിന്, കുട്ടികളുടെ കളിപ്പാവകൾ വരെ ഇവിടെയുണ്ട്.
അഞ്ചു വയസ്സുവരെ തോന്നിക്കുന്ന മൂന്നു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും കടപ്പുറത്ത് വരുന്നവർക്കു മുന്നിൽ കൈനീട്ടുന്നതാണ് ആദ്യം കണ്ടത്. അൽപനേരം പിന്തുടർന്നതോടെ അവർ റോഡിലെ വാഹനങ്ങൾക്കിടയിലൂടെ ഓടിനടന്ന് പൊലീസ് എയ്ഡ് പോസ്റ്റിനടിയിലെത്തി. അവിടെ ബാഗിനു സമീപംവെച്ച കുഞ്ഞുപാവയെടുത്ത് കളിക്കുന്നു. കുറച്ചുകഴിഞ്ഞതോടെ പൂർണ ഗർഭിണിയായ ഒരു സ്ത്രീ വന്ന് ഇവരോട് എന്തൊക്കെയോ പറയുന്നു. ഈ സ്ത്രീയോട് അന്വേഷിച്ചപ്പോൾ തങ്ങൾ രാജസ്ഥാനിൽനിന്ന് വന്നതാണെന്നും പേര് പൂജ എന്നും ‘മാധ്യമ’ത്തോട് പരിചയപ്പെടുത്തി. രാത്രി ഉറങ്ങുന്നത് പൊലീസ് ബൂത്തിനടിയിലാണ്. ബലൂണും കുടയും വിൽപനയാണ് ജോലിയെന്നും പറഞ്ഞു. ഭർത്താവിനെ കൂട്ടി പ്രസവത്തിന് ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഭർത്താവില്ലെന്നും കുട്ടികളെല്ലാം തങ്ങൾക്കൊപ്പമുള്ളതാണെന്നുമായിരുന്നു അവരുടെ മറുപടി. ഇങ്ങനെയുള്ള കുടുംബങ്ങളെ ഈ മേഖലയിലും നഗരത്തിലെ വിവിധ ട്രാഫിക് പോയന്റുകളിലും കാണാം.
ആലുവയിൽ അഞ്ചുവയസ്സുകാരി ക്രൂരമായി കൊലചെയ്യപ്പെട്ടതോടെ, നിരവധി ഇതരസംസ്ഥാനക്കാരും മറ്റു ജില്ലക്കാരും എത്തുന്ന കടപ്പുറത്തും നഗരത്തിലും അലയുന്ന കുട്ടികൾക്ക് എന്തു സുരക്ഷയാണുള്ളത് എന്ന ചോദ്യമാണ് ഉയരുന്നത്. രക്ഷിതാക്കളുടെ സംരക്ഷണത്തിലുള്ള കുട്ടികൾപോലും ക്രൂരമായി ആക്രമിക്കപ്പെടുമ്പോൾ തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ആരാണ് കൂട്ട്. അലഞ്ഞുതിരിയുന്ന കുട്ടികളിലൊരാൾക്ക് അപകടം സംഭവിക്കുകയോ അവരെ സാമൂഹികവിരുദ്ധർ ആക്രമിക്കുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്താൽ അത് പൊലീസിന്റെയും ജില്ല ഭരണകൂടത്തിന്റെയും കുട്ടികളുടെ സംരക്ഷണത്തിനുള്ള ഏജൻസികളുടെയും പിടിപ്പുകേടായി മാത്രമേ കാണാനാവൂ എന്നാണ് കടപ്പുറത്തെത്തുന്നവർതന്നെ പറയുന്നത്.
ഇവർ നാടോടികളാണ്, ഇവരെ നിയന്ത്രിക്കാനാവില്ല എന്നെല്ലാം പറയുന്നത് സാങ്കേതികം മാത്രമാണ്. ബന്ധപ്പെട്ട വകുപ്പുകൾ ഒന്നുകിൽ ഈ കുട്ടികളെ സംരക്ഷിക്കണം അല്ലെങ്കിൽ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നത്. നിരവധി വാഹനങ്ങൾ ഉൾപ്പെടെ എത്തുന്ന കടപ്പുറത്ത് തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ ഉണ്ടായാൽ പ്രാഥമിക തെളിവുകൾ കണ്ടെത്താൻ ആവശ്യത്തിന് സി.സി.ടി.വി കാമറകൾപോലും ഇല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.