പ്രവാസി യുവാവിനായി അന്വേഷണം ഊർജിതമാക്കി
text_fieldsനാദാപുരം: ഖത്തറിൽനിന്ന് നാട്ടിലേക്ക് മടങ്ങിയ പ്രവാസി യുവാവിനെ കാണാനില്ലെന്ന പരാതിയിൽ വളയം പൊലീസ് കേസ് അന്വേഷണം ഊർജിതമാക്കി. ഖത്തറിൽനിന്ന് നാട്ടിലേക്ക് മടങ്ങിയ ജാതിയേരി കോമ്പിമുക്കിലെ വാതുക്കൽ പറമ്പത്ത് റിജേഷിനെ( 35) കുറിച്ച് ഒരു വിവരവും ഇല്ലെന്ന് കാണിച്ച് സഹോദരൻ രാജേഷ് വെള്ളിയാഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്.
ശനിയാഴ്ച രാവിലെ പൊലീസ് റിജേഷിന്റെ വീട്ടിലെത്തി പിതാവ് കേളപ്പന്റെയും സഹോദരൻ രാജേഷിന്റെയും മൊഴിയെടുത്തു. മാതാവിൽനിന്നും അയൽവാസികളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. വളയം ഇൻസ്പെക്ടർ എ. അജീഷ്, എസ്.ഐ അനീഷ് വടക്കേടത്ത്, എ.എസ്.ഐ രമേശൻ എന്നിവരാണ് വീട്ടിലെത്തിയത്. യുവാവിന് നാട്ടിൽ പലരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഈ ബാധ്യത തീർക്കാൻ വായ്പയെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
റിജേഷിന്റെ കൈവശം ഒരു സാധനം കൊടുത്തുവിട്ടതായും അത് ലഭിക്കണമെന്നുമാവശ്യപ്പെട്ട് ഒരുസംഘമാളുകൾ വീട്ടിൽ വന്നതായി വീട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. റിജേഷിന്റെ യാത്രാവിവരങ്ങൾ ശേഖരിക്കാൻ പൊലീസ് വിമാനത്താവള അതോറിറ്റിക്ക് അപേക്ഷ നല്കി. മൂന്നുവർഷം മുമ്പാണ് റിജേഷ് ഖത്തറിൽ ജോലിക്കായി പോയത്. ഖത്തറിൽ കാർപെന്റർ ജോലിയാണ് ചെയ്തിരുന്നത്. അവസാനമായി ജൂൺ പത്തിനാണ് യുവാവ് ടെലിഫോൺ വഴി ബന്ധുക്കളുമായി സംസാരിച്ചത്.
ജൂൺ 16 ന് കണ്ണൂർ വിമാനത്താവളം വഴി നാട്ടിൽ എത്തുമെന്ന് വിവരം നൽകിയിരുന്നു. വീട്ടിലേക്ക് വിളിച്ച ഫോൺനമ്പറിന്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ച് അന്വേഷണം നടന്നുവരുകയാണെന്ന് വളയം സി.ഐ എ. അജീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.