കടന്തറപ്പുഴക്കു കുറുകെ ഇരുമ്പുപാലം പൂർത്തിയാവുന്നു
text_fieldsകുറ്റ്യാടി: ചക്കിട്ടപാറ, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടന്തറപ്പുഴയിൽ ഇരുമ്പുപാലം പൂർത്തിയാവുന്നു. കുറ്റ്യാടി, പേരാമ്പ്ര മേഖലയിൽ ആദ്യമാണ് തൂണുകളില്ലാതെ പുഴക്കു കുറുകെ ഇരുമ്പുപാലം പണിയുന്നത്. നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ചക്കിട്ടപാറയിലെ വീടിനു സമീപത്താണ് പാലം. മരുതോങ്കര ഭാഗത്ത് സെന്റർ മുക്ക് ജുമാമസ്ജിദിനു സമീപമാണ് പാലം.
കൂറ്റൻ ഇരുമ്പ് ഗർഡറുകൾ വെൽഡ് ചെയ്ത് 35 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. ഒരു കോടി രൂപ ചെലവിൽ സിൽക്കോയാണ് പണി ഏറ്റെടുത്ത് നടത്തുന്നത്. കോൺക്രീറ്റ് പാലമാണെങ്കിൽ ഇതിന്റെ ഇരട്ടിയിലേറെ ചെലവുവരും. ചെറിയ വാഹനങ്ങൾക്കു മാത്രമേ പാലത്തിലൂടെ കടന്നുപോകാൻ കഴിയൂ. ഉയരം കൂടിയ വാഹനങ്ങൾ കയറാതിരിക്കാൻ തടസ്സം നിർമിക്കുന്നുണ്ട്. എങ്കിലും പാലത്തിന്റെ ഉറപ്പ് അറിയാൻ ടിപ്പറുകൾ ഓടിച്ചുനോക്കിയിരുന്നു.
കടന്തറപ്പുഴയിലെ ശക്തമായ ഒഴുക്കിനെ പ്രതിരോധിക്കാൻ കഴിയാത്തതിലാണ് തൂണുകൾ ഒഴിവാക്കിയത്. ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട ടൗണും പശുക്കടവും തമ്മിൽ എളുപ്പം ബന്ധിപ്പിക്കുന്ന പാലമാണിത്. ഇതിന് സമീപത്തെ തൂക്കുപാലമാണ് ചെമ്പനോടയിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളടക്കം മറുകരയെത്താൻ ഇതുവരെ ഉപയോഗിച്ചിരുന്നത്. പാലത്തിന്റെ മരുതോങ്കര ഭാഗത്തെ അപ്രോച് റോഡിന്റെ പണി പൂർത്തിയാവാനുണ്ട്. അതിന് സ്ഥലം ഏറ്റെടുത്തതായും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.