കണക്കുകളിൽ പൊരുത്തക്കേട്; ചെക്യാട് ബജറ്റ് അവതരണ ചർച്ച മാറ്റി
text_fieldsനാദാപുരം: കണക്കുകളിലെ പൊരുത്തക്കേടിനെ തുടർന്ന് ചെക്യാട് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണ ചർച്ച മാറ്റിവെച്ചു. വൈസ് പ്രസിഡന്റ് കെ. വസന്ത കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിന്മേൽ ചർച്ച ആരംഭിച്ചയുടനെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും കഴിഞ്ഞ മാസം നീക്കം ചെയ്ത കെ.പി. കുമാരൻ കണക്കിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി രംഗത്തുവരുകയായിരുന്നു.
ഇടതുപക്ഷ അംഗങ്ങളും സംഭവം ഏറ്റുപിടിച്ചതോടെ ബജറ്റ് ചർച്ച ബഹളത്തിൽ കലാശിക്കുകയും ഒടുവിൽ നിർത്തിവെക്കാൻ തീരുമാനിക്കുകയുമായിരുന്നു. ആകെ വരവിനത്തിൽ 38 കോടിയിൽപരം രൂപയാണ് ബജറ്റ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് ഇനം തിരിച്ച് കൂട്ടുമ്പോൾ 27 കോടിയേ വരുന്നുള്ളൂവെന്നും 11 കോടിയിൽപരം രൂപയുടെ ഈ കുറവും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയർത്തിയത്.
ഇതുപോലെ ആകെ ചെലവിനത്തിലും ഘടക സ്ഥാപനങ്ങൾക്ക് നൽകിയ വരുമാനത്തിലും തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ച കണക്കിലുമെല്ലാം തികഞ്ഞ വൈരുധ്യമാണ് ബജറ്റ് ചർച്ചക്ക് അംഗങ്ങൾക്ക് നൽകിയ കോപ്പിയിലുണ്ടായിരുന്നത്. ചർച്ച നിർത്തിവെക്കുകയും വ്യാഴാഴ്ച പിഴവുകൾ തിരുത്തിയ ബജറ്റ് വീണ്ടും അവതരിപ്പിക്കാനും ഭരണ സമിതി തീരുമാനിച്ചു.
കമ്പ്യൂട്ടറിലെ സോഫ്റ്റ് വെയറിൽനിന്നും മറ്റൊരു പ്രോഗ്രാമിലേക്ക് മാറ്റുമ്പോഴുണ്ടായ പിഴവാണ് തെറ്റുകൾക്കിടയാക്കിയതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.