കോഴിക്കോട്ടെ വൈറോളജി ലാബിൽ ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേട്
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ വൈറസ് റിസർച് ആന്ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്ക് (വി.ആർ.ഡി.എൽ) ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേട് കണ്ടെത്തിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം. അക്കൗണ്ടന്റ് ജനറലിെൻറ റിപ്പോർട്ടിൽ എതിർപ്പറിയിച്ചതും വിജിലൻസ് പരിശോധനക്കു ശേഷം തുടർനടപടിക്ക് ശിപാർശ ചെയ്തതുമായ ക്രമക്കേടാണ് സമ്മർദം കാരണം പൂഴ്ത്തിവെക്കുന്നത്.
പരിശോധന കിറ്റുകൾ വാങ്ങിയതായി ഫയലിൽ രേഖപ്പെടുത്തിയ കമ്പനി ഇവ ഉൽപാദിപ്പിക്കുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ചില യന്ത്രങ്ങൾ ഇറ്റലിയിൽനിന്നുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ചതായും ആക്ഷേപമുണ്ട്. 2019ൽ വാങ്ങിയ രണ്ട് യന്ത്രങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടുമില്ല. 1.09 കോടി രൂപ വിലവരുന്ന കോൺഫോക്കൽ ഒപ്റ്റോമെട്രി, 1.29 കോടിയുടെ അഡ്വാൻസ്ഡ് ഫ്ലോ സിറ്റോമെട്രി എന്നീ ഉപരണങ്ങളാണ് വെറുതെ കിടക്കുന്നത്. വാറന്റി സമയം കഴിയാറായതിനാൽ ഇനി ഇവ ഉപയോഗിക്കുമ്പോൾ വാർഷിക അറ്റകുറ്റപ്പണിക്ക് ആറു ലക്ഷം വീതം നൽകണം.
2017 ഡിസംബറിൽ ഡെങ്കി, ഇൻഫ്ലുവൻസ, മീസിൽസ് തുടങ്ങിയ രോഗങ്ങളുടെ പരിശോധനക്കുള്ള ആർ.ടി.പി.സി.ആർ കിറ്റുകൾ ലാബിലേക്ക് വാങ്ങിയിരുന്നു. ആർ.എ.എസ് ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് 6.92 ലക്ഷം രൂപക്കാണ് ഇവ വാങ്ങിയതെന്നാണ് മെഡിക്കൽ കോളജിലുള്ള രേഖകൾ. മികച്ച നിലവാരത്തിലുള്ള കിറ്റുകളാണിതെന്ന് മെഡിക്കൽ കോളജ് അധികൃതർ ഫയലിലെഴുതിയിട്ടുണ്ട്. ഈ കിറ്റുകളുടെ ഇടപാട് പ്രിൻസിപ്പൽ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഡെങ്കിപ്പനി പരിശോധനക്കുള്ള കിറ്റ് മാത്രമാണ് ആർ.എ.എസ് ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്നത്. മറ്റ് കിറ്റുകൾ നിർമിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നില്ല.
ഇറ്റാലിയൻ കമ്പനിയായ ഫോസ്റ്ററിന്റെ ഡീപ് ഫ്രീസറുകൾ വാങ്ങാനാണ് ലാബ് അധികൃതർ ഓർഡർ നൽകിയത്. എന്നാൽ, മഹാരാഷ്ട്രയിൽ നിന്നുള്ള ബയോലിൻക്സിന്റെ യന്ത്രങ്ങളാണ് എത്തിയത്. രണ്ട് യന്ത്രങ്ങൾക്ക് 14 ലക്ഷം രൂപയാണ് വില. എന്നാൽ, പണം മെഡിക്കൽ കോളജ് അധികൃതർ നൽകാത്തതിനാൽ െസ്റ്റബിലൈസറും അനുബന്ധ ഉപകരണങ്ങളും വിതരണക്കമ്പനി വിട്ടുനൽകിയിരുന്നില്ല. 2018ലും 19ലുമാണ് ഈ ഉപകരണങ്ങൾ സ്ഥാപിച്ചത്. ഈ വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടിൽ ഇടപാടിൽ സംശയം പ്രകടിപ്പിച്ചിരുന്നു. മെഡിക്കൽ കോളജ് അധികൃതരുടെ മറുപടിയിലും എ.ജി അസംതൃപ്തനായിരുന്നു. പണം നൽകാത്തതിനാൽ പൊതുഖജനാവിന് നഷ്ടമുണ്ടായിട്ടില്ല. ഏഴു ലക്ഷം രൂപക്ക് കിട്ടുന്ന യന്ത്രങ്ങളാണ് 14 ലക്ഷത്തിന് വാങ്ങിയത്.
2019ലാണ് വിജിലൻസ് ഈ വിഷയത്തിൽ പരിശോധന നടത്തിയത്. വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ് ഡയറക്ടറേറ്റിന് ജില്ല വിജിലൻസ് അധികൃതർ ശിപാർശയും നൽകി. എന്നാൽ, ലാബിലെ പ്രധാന ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ മത- രാഷ്ട്രീയ നേതൃത്വത്തെ ഉപയോഗിച്ച് വിശദ അന്വേഷണം മരവിപ്പിക്കുകയാണ്. കേരളം, ഗോവ, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ഈ വൈറോളജി ലാബിന്റെ പരിധിയിലുള്ളത്. അതേസമയം, വിജിലൻസിന് ക്രമക്കേടുകൾ കണ്ടെത്താനാകാത്തതിനാലാണ് തുടന്വേഷണമില്ലാത്തതെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.