പൈപ്പ് നന്നാക്കാതെ ജലസേചന വകുപ്പ്; നഗരവാസികൾക്ക് കുടിക്കാൻ മലിനജലം
text_fieldsകോഴിക്കോട്: മാസങ്ങൾക്കുമുമ്പ് പൊട്ടിയ ജലവിതരണ പൈപ്പ് നന്നാക്കാൻ ജലസേചന വകുപ്പ് തയാറാകാത്തതിനാൽ നഗരവാസികൾ കുടിക്കാൻ ലഭിക്കുന്നത് മലിനജലം. വയനാട് റോഡിൽ നടക്കാവിൽനിന്ന് സി.ഡി.എ കോളനിയിലേക്ക് പോകുന്ന റോഡിന് സമീപം കഴിഞ്ഞ ആറു മാസമായി ജലസേചന വകുപ്പിന്റെ മെയിൻ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നുണ്ട്. നിരവധിതവണ അറിയിച്ചിട്ടും ഇപ്പോൾ നന്നാക്കാൻ കഴിയില്ലെന്ന നിലപാടാണ് ജലസേചന വകുപ്പ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
മഴ കനത്തതോടെ പൈപ്പ് പൊട്ടിയ ഭാഗം വൻ ഗർത്തം രൂപപ്പെട്ട് ചളിവെള്ളം നിറഞ്ഞിരിക്കുകയാണ്. പമ്പിങ് ഇല്ലാത്ത സമയത്ത് മഴവെള്ളവും മലിനജലവും പൊട്ടിയ പൈപ്പിലൂടെ ഒഴുകി കുടിവെള്ളത്തിൽ കലരുകയാണ്. ഇതു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് നഗരവാസികൾ ചൂണ്ടിക്കാട്ടുന്നു. നഗരത്തിൽ മഞ്ഞപ്പിത്തം അടക്കമുള്ള ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നതിനിടെയാണ് ജലസേചന വകുപ്പ് നിസ്സംഗത തുടരുന്നത്.
കൂടാതെ പൈപ്പ് പൊട്ടിയതു കാരണം റോഡ് തകർന്ന് ഇവിടെ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. നിരുത്തരവാദപരമായി പെരുമാറുന്ന ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ജനാരോഗ്യ സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ദേശീയ പരിസ്ഥിതി കോൺഗ്രസ് ജില്ല പ്രസിഡന്റ് ജോയ് പ്രസാദ് പുളിക്കൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.