ഇർഷാദിനെ ചതിച്ചത് സുഹൃത്തുക്കളെന്ന് സഹോദരൻ
text_fieldsപേരാമ്പ്ര : സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദിനെ സുഹൃത്തുക്കളായ ഷമീർ, നിജാസ്, കബീർ എന്നിവരാണ് ചതിച്ചതെന്ന് അനുജൻ അർഷാദ്. ദുബൈയിൽ ജോലി ചെയ്യുന്ന അർഷാദ് ജ്യോഷ്ഠന്റെ മരണ വിവരമറിഞ്ഞതോടെ ശനിയാഴ്ച്ച പുലർച്ചെയാണ് നാട്ടിലെത്തിയത്. കുവൈറ്റിൽ മൂന്ന് വർഷം ജോലി ചെയ്തിരുന്ന ഇർഷാദിനെ അർഷാദാണ് ദുബൈയിലേക്ക് കൊണ്ടുപോകുന്നത് അവിടെ ഇവരുടെ മാമന്റെ കടയിൽ ഒരു മാസം ജോലി നോക്കുകയും ചെയ്തു. പിന്നീട് തനിക്ക് മറ്റൊരു ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും പോയി. മെയ് 13 നാണ് സ്വാലിഹ് കൊടുത്തയച്ച സ്വർണവുമായി ഇർഷാദ് നാട്ടിലേക്ക് തിരിച്ചത്. മുമ്പ് ദുബൈയിൽ ജോലി ചെയ്തിരുന്ന സൂപ്പിക്കട സ്വദേശിയും ഇർഷാദിന്റെ സുഹൃത്തുമായ നിജാസാണ് സ്വർണക്കടത്ത് സംഘത്തലവനായ കൊടുവള്ളി കൈതപ്പൊയിൽ സ്വദേശി 916 നാസർ എന്ന മുഹമ്മദ് സ്വാലിഹിനെ ഇർഷാദിന് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് സഹോദരൻ പറയുന്നു.
നാട്ടിലെത്തിയ ഇർഷാദിനെ നിജാസ് തന്നെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടുവന്നത്. ഇർഷാദിന്റെ കൈവശമുണ്ടായിരുന്ന സ്വർണം നിജാസും സുഹൃത്തുക്കളായ ഷമീറും കബീറും കൈക്കലാക്കിയെന്നും സഹോദരൻ സാക്ഷ്യപ്പെടുത്തുന്നു. ഇർഷാദിന്റെ കൈയിൽ നിന്ന് സ്വർണം വാങ്ങിയ ഇവർ ഇർഷാദിനെ വയനാട് വൈത്തിരിയിലെ ഒരു ലോഡ്ജിൽ ഒളിവിൽ താമസിപ്പിക്കുകയും ചെയ്തു. ഇവിടുന്നാണ് ഇർഷാദ് സ്വാലിഹിന്റെ സംഘത്തിന്റെ പിടിയിലാവുന്നത്. കബീർ കൊടുത്ത നമ്പറിൽ വിളിച്ച് മെയ് 14 ന് തന്നെ സ്വാലിഹും ബന്ധു ഷംനാദും ദുബൈയിൽ അർഷാദ് ജോലി ചെയ്യുന്ന കടയിൽ എത്തി. ജ്യേഷ്ഠന്റെ കൈവശം സ്വർണം കൊടുത്തയച്ചതായി പറഞ്ഞിരുന്നു. ഇർഷാദിന്റെ കൈവശം കൊടുത്ത സ്വർണം കിട്ടാതായതോടെ സ്വാലിഹ് നാട്ടിലെത്തി ഇർഷാദിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സ്വാലിഹ് തന്റെ ഫോണിൽ ഇർഷാദിനെക്കൊണ്ട് അർഷാദിനെ വിളിപ്പിച്ചിരുന്നു.
ഷമീർ, കബീർ, നിജാസ് എന്നിവരുടെ കൈവശമാണ് സ്വർണമുള്ളതെന്നും അത് വാങ്ങി സ്വാലിഹിന് കൊടുക്കണമെന്നുമാണ് ഇർഷാദ് പറഞ്ഞത്. പിന്നീട് പല തവണ സ്വാലിഹ് അർഷദിനെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇർഷാദിനെ ഉപദ്രവിക്കുന്ന വീഡിയൊ ഉൾപ്പെടെ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. അവസാനം ഇർഷാദിന്റെ കൈയിൽ നിന്ന് സ്വർണം തട്ടിയ മൂന്നു പേരെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുക്കാൻ അർഷാദിന്റെ കൈയിൽ നിന്ന് സ്വാലിഹ് അഡ്വാൻസ് തുകയും വാങ്ങി. എന്നാൽ പിന്നീട് വിളിച്ചപ്പോൾ ഇർഷാദിന് കൊടുത്ത സ്വർണത്തിന്റെ പണം കിട്ടാതെ സംസാരിക്കേണ്ട എന്നാണ് പറഞ്ഞത്. മരണപ്പെട്ടത് ഇർഷാദാണെന്ന ഡി.എൻ.എ റിപ്പോർട്ട് പുറത്ത് വന്നതിനു ശേഷം അർഷാദ് സ്വാലിഹിനെ വിളിച്ചപ്പോൾ ആ റിപ്പോർട്ടിലൊന്നും കാര്യമില്ലെന്നും എന്റെ തുക തന്നാൽ ജ്യേഷ്ഠനെ തരാമെന്നാണ് പറഞ്ഞത്.
ഇർഷാദിന്റെ കൈയിൽ നിന്ന് വാങ്ങിയ സ്വർണം മെയ് 14 ന് ഷമീർ വിറ്റതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചതായി അർഷാദ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുക്കാൻ ചെന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരുക്കേറ്റ ഷമീർ പൊലീസ് കസ്റ്റഡിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ കബീറും നിജാസും ഇപ്പോ അറസ്റ്റിലായിട്ടില്ല. അതിനിടെ ജൂലൈ 19 ന് ഡൽഹി വിമാനത്താവളം വഴി ഗൾഫിലേക്ക് കടന്ന സ്വാലിഹിനെ തിരിച്ചു കൊണ്ടു വരാനുളള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.