ഇർഷാദിന്റെ കൊല, ദീപക്കിന്റെ തിരോധാനം പ്രതിഷേധവുമായി സംഘടനകൾ
text_fieldsജുഡീഷ്യൽ അന്വേഷണം വേണം -കോൺഗ്രസ്
പേരാമ്പ്ര : സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇർഷാദിന്റെ കൊലപാതകത്തെ കുറിച്ചും കാണാതായ മേപ്പയൂർ കൂനംവെള്ളിക്കാവിലെ ദീപക്കിന്റെ തിരോധാനത്തെ കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തിക്കോടി കടപ്പുറത്തുനിന്ന് കണ്ടെത്തിയ മൃതദേഹം ദീപക്കിന്റേതല്ലെന്ന് അമ്മയും ചില ബന്ധുക്കളുമെല്ലാം സംശയം പ്രകടിപ്പിച്ചിട്ടും ഡി.എൻ.എ പരിശോധന പോലും നടത്താതെ മൃതദേഹം വിട്ടുകൊടുത്ത് ദഹിപ്പിക്കാൻ അനുവാദം നൽകിയത് സ്വർണമാഫിയയും പൊലീസും തമ്മിലുള്ള കൂട്ടുകെട്ടാണോ എന്ന് സംശയമുള്ളതായും കോൺഗ്രസ് ആരോപിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടത്തുമ്പോൾ ലിംഗപരിശോധനയെങ്കിലും നടത്തിയിരുന്നെങ്കിൽ ജഡം ദീപക്കിന്റേത് അല്ലെന്ന് വ്യക്തമാകുമായിരുന്നു.
മേയ് 18ന് പന്തിരിക്കരയിലെ സി.പി.എം ഓഫിസിൽ പത്തനംതിട്ടയിൽനിന്ന് ഒരു സ്ത്രീ ഒറ്റക്ക് എത്തുകയും പാർട്ടി നേതാവിന്റെ കത്ത് കൈമാറുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷം ഈ സ്ത്രീയെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ എന്തിനാണ് രാത്രി ഇർഷാദിന്റെ വീട്ടിൽ താമസിപ്പിക്കാൻ നേതൃത്വം കൊടുത്തതെന്നും കോൺഗ്രസ് ചോദിക്കുന്നു.
മേയ് 19ന് ഈ സ്ത്രീക്കെതിരെ ഇർഷാദിന്റെ ഉപ്പയും ഉമ്മയും പരാതി കൊടുത്തിട്ടും എന്തുകൊണ്ട് പൊലീസ് അന്വേഷണം നടത്തിയില്ല? ഈ കേസിലെ പ്രതികൾക്ക് കണ്ണൂരുമായി ബന്ധമുള്ളത് ഗൗരവമായി കാണണം.
സ്വർണ മാഫിയ ഇപ്പോഴും ഇർഷാദിന്റെ അനുജൻ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ, മുനീർ എരവത്ത്, രാജൻ മരുതേരി, പി.കെ. രാഗേഷ്, ജിതേഷ് മുതുകാട്, വി.പി. ഇബ്രാഹിം, ഇ.വി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
പൊലീസിന്റെ വീഴ്ചയെന്ന് മുസ്ലിം ലീഗ്
പേരാമ്പ്ര: സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദിന്റെ കൊലപാതകത്തിനും ആളുമാറി മൃതദേഹം സംസ്കരിച്ച സംഭവത്തിനും ഇടവരുത്തിയത് പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സ്വർണക്കടത്തുസംഘം ഇർഷാദിനെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ഫോട്ടോ സഹിതം മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
പക്ഷേ, പൊലീസ് തികഞ്ഞ നിസ്സംഗത പുലർത്തി. സ്വർണക്കടത്തു സംഘത്തിൽനിന്ന് ഇർഷാദിന്റെ കുടുംബം നിരന്തരം ഭീഷണി നേരിടുകയും ചെയ്യുന്നു. ഇർഷാദ് പുഴയിൽ വീണു മരിക്കില്ലെന്നും അവന് നീന്തൽ നന്നായി വശമുണ്ടെന്നും പിതാവ് തറപ്പിച്ചു പറയുന്നു.
തിക്കോടി കോടിക്കൽ കടപ്പുറത്തു കണ്ടെത്തിയ ജഡം ദീപക്കിന്റേതാണെന്ന് വരുത്തിത്തീർക്കാൻ പൊലീസ് വ്യഗ്രത കാട്ടി. ജഡം ദീപക്കിന്റേതാണെന്ന് മാതാവ് തിരിച്ചറിഞ്ഞിട്ടില്ല. ഡി.എൻ.എ ടെസ്റ്റിന് കാത്തുനിൽക്കാതെ മൃതദേഹം സംസ്കരിക്കാൻ ഒത്താശ ചെയ്ത പൊലീസ് നടപടി പ്രതിഷേധാർഹമാണ്.
ഇർഷാദിന്റെ കുടുംബത്തിന് തങ്ങളുടെ മകനെ മതാചാരപ്രകാരം സംസ്കരിക്കാനുള്ള അവകാശം നിഷേധിച്ചു.
സ്വന്തം മകനെ അവസാനമായി ഒരുനോക്കു കാണാനുള്ള അവസരവും ലഭിച്ചില്ല. കേസന്വേഷണം അട്ടിമറിക്കാനാണ് പൊലീസിന്റെ നീക്കം. സംഭവത്തിലെ ദുരൂഹത നീക്കാനും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സ്വതന്ത്രമായ അന്വേഷണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ്, ആർ.കെ. മുനീർ, ടി.കെ.എ. ലത്തീഫ്, മുനീർ കുളങ്ങര, പി.ടി. അഷ്റഫ് എന്നിവർ സംബന്ധിച്ചു.
ഉന്നതതല അന്വേഷണം വേണം -വെൽഫെയർ പാർട്ടി
പേരാമ്പ്ര: പന്തിരിക്കരയിൽനിന്ന് സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.
ജില്ല നേതാക്കളായ ടി.കെ. മാധവൻ, പി.സി. മുഹമ്മദ്കുട്ടി, മുസ്തഫ പാലാഴി, പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഖാസിം, അബ്ദുല്ല സൽമാൻ, എം.കെ. ഫാത്തിമ, പഞ്ചായത്ത് സെക്രട്ടറി വി.എം. നൗഫൽ, വി.പി. അസീസ് എന്നിവർ ഇർഷാദിന്റെ വീട് സന്ദർശിച്ചു.
ഊർജിത അന്വേഷണം നടത്തി പ്രതികളെ പുറത്തുകൊണ്ടുവരാൻ അധികാരികൾ തയാറാകാത്തതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് വെൽഫെയർ പാർട്ടി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.