ഡോക്ടർ വ്യാജനോ ? വൈകാതെ നിങ്ങൾക്കും പരിശോധിക്കാം
text_fieldsകോഴിക്കോട്: ചികിത്സിക്കുന്ന ഡോക്ടർ വ്യാജനാണോ എന്ന് രോഗികൾക്കും വൈകാതെ പരിശോധിക്കാം. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ് (കെ.എസ്.എം.സി) മോഡേൺ മെഡിസിൻ പ്രാക്ടീഷനർമാരുടെ പേരുകൾ, രജിസ്ട്രേഷൻ നമ്പറുകൾ, യോഗ്യതകൾ, അധിക യോഗ്യതകൾ എന്നിവ ഉൾക്കൊള്ളുന്ന ഡയറക്ടറി തയാറാക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി സംസ്ഥാനത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന മോഡേൺ മെഡിസിൻ പ്രാക്ടീഷനർമാരുടെ പേര്, രജിസ്ട്രേഷൻ നമ്പർ, യോഗ്യതകൾ എന്നിവ അടങ്ങിയ വിവരങ്ങൾ ശേഖരിക്കുകയാണ് കെ.എസ്.എം.സി. ഇത് ലഭ്യമായാൽ ഉടൻ ഡയറക്ടറി തയാറാക്കി ഓൺലൈനായി പ്രസിദ്ധീകരിക്കും. ഇതോടെ ആർക്കു വേണമെങ്കിലും രജിസ്റ്റർ നമ്പർ പരിശോധിച്ച് ഡോക്ടർ വ്യാജനാണോ എന്നും എന്തെല്ലാം യോഗ്യതകളുണ്ട് എന്നും മനസ്സിലാക്കാൻ കഴിയും. ഇതിനായി തങ്ങളുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പേര്, രജിസ്ട്രേഷൻ നമ്പർ, യോഗ്യത, അധിക യോഗ്യതകൾ തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കാൻ സംസ്ഥാനത്തെ ആശുപത്രി, ക്ലിനിക്ക് മേധാവിമാർക്ക് കെ.എസ്.എം.സി നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം 31നകം ksmcdoctorlist@gmail.com എന്ന ഇ-മെയിൽ വിവരങ്ങൾ സമർപ്പിക്കണം. ശേഷം ഡയറക്ടറി തയാറാക്കാനാണ് കെ.എസ്.എം.സി പദ്ധതിയെന്നാണ് വിവരം.
2020ലെ നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട്, 2021 കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്സ് ആക്ട് എന്നിവയനുസരിച്ച്, കേരളത്തിൽ ചികിത്സിക്കുന്ന ഡോക്ടർമാർ കൗൺസിലിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. എന്നാൽ, ഡോക്ടർമാരിൽ പലരും എം.ബി.ബി.എസ് ബിരുദങ്ങളോ എം.ഡി, എം.എസ്, ഡി.എൻ.ബി, ഡി.എം, എം.എച്ച്, ഡി.ആർ.എൻ.ബി തുടങ്ങിയ അധിക യോഗ്യതകളോ കൗൺസിലിൽ രജിസ്റ്റർ ചെയ്യാറില്ല. മാത്രമല്ല, നാഷനൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) അംഗീകരിക്കാത്ത മെഡിക്കൽ അക്കാദമികളുടെയും സൊസൈറ്റികളുടെയും അംഗത്വം പോലുള്ള അധിക യോഗ്യതകളും സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡോക്ടർമാർ പ്രദർശിപ്പിക്കാറുണ്ട്. രജിസ്റ്റർ ചെയ്യാത്തതും അംഗീകാരമില്ലാത്തതുമായ ഇത്തരം യോഗ്യതകൾ കാണിച്ച് പരിശീലനം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. കെ.എസ്.എം.സിയിൽ രജിസ്റ്റർ ചെയ്ത രജിസ്ട്രേഷൻ നമ്പറുകൾ, യോഗ്യത, എന്നിവ മാത്രമേ ഡോക്ടർമാർ കുറിപ്പടി, സീലുകൾ, ലെറ്റർ പാഡുകൾ എന്നിവയിൽ ഉപയോഗിക്കാവൂ എന്നും കെ.എസ്.എം.സി അധികൃതർ ചൂണ്ടിക്കാട്ടി.
കോഴിക്കോട് ഫറോക്കിൽ വ്യാജ ഡോക്ടർ പിടിക്കപ്പെട്ടതിനു പിന്നാലെയാണ് ഡയറക്ടറി നടപടിയുമായി കൗൺസിൽ മുന്നോട്ടു നീങ്ങുന്നത്. എല്ലാ ആശുപത്രി അധികാരികളും തങ്ങളുടെ സ്ഥാപനത്തിൽ നിയമിക്കുന്ന ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് പരിശോധിച്ച് അവ കെ.എസ്.എം.സി അംഗീകരിച്ചതാണെന്ന് ഉറപ്പുവരുത്തണം. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ആശുപത്രികളിൽ സൂക്ഷിക്കുകയും ചെയ്യണം. എന്നാൽ, ഇത് പല ആശുപത്രികളും പാലിക്കാറില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.