ഇന്ന് മഞ്ഞക്കടലിരമ്പും
text_fieldsകോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ ഫൈനലിൽ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് കലാശപ്പോരിനിറങ്ങുന്ന ആവേശമാണ് നാടെങ്ങും. ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും ഗോവയിൽ ഫൈനൽ കളിക്കുന്ന ഞായറാഴ്ച രാത്രി കോഴിക്കോടും ആവേശക്കൊടുമുടിയേറും. ഇതിനുള്ള ഒരുക്കങ്ങളിലാണ് ആരാധകർ. ഒന്നിച്ചിരുന്ന് കളികാണാൻ വിവിധ സംഘടനകളുടെയും സുഹൃദ്സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ സംവിധാനങ്ങളൊരുക്കിക്കഴിഞ്ഞു. പലയിടത്തും വലിയ സ്ക്രീനുകളിൽ പ്രദർശനമുണ്ടാവും. രാത്രി 7.30ന് നടക്കുന്ന കലാശപ്പോര് ആവേശംചോരാതെ കാണുന്നതിന് നഗരത്തിൽ നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിൽ കൂറ്റൻ എൽ.ഇ.ഡി സ്ക്രീൻ ഒരുക്കി.
ഫുട്ബാൾ പ്രേമികൾക്ക് ഒന്നിച്ചിരുന്ന് കാണുന്നതിനാണ് നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷൻ (എൻഫ) ഇൻഡോ ഇലക്ട്രിക് മാർട്ടിന്റെ സഹകരണത്തോടെ സൗജന്യ പ്രദർശനം. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകകൂട്ടമായ മഞ്ഞപ്പടയും മത്സരം കാണാൻ നൈനാംവളപ്പിൽ എത്തും. മത്സരം കാണാൻ വരുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിഞ്ഞുവരണമെന്നും എൻഫ പ്രസിഡന്റ് സുബൈർ നൈനാംവളപ്പ് അഭ്യർഥിച്ചു. സെമിയിൽ കോഴിക്കോട് ബീച്ചിൽ ഓപൺ എയർ സ്റ്റേജിൽ മഞ്ഞപ്പട ഫാൻ പാർക്ക് ഒരുക്കിയിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ഞായറാഴ്ച ബീച്ചിൽ മഞ്ഞപ്പട ഫാൻ പാർക്ക് ഒരുക്കാൻ സാധിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവരുടെ അറിയിപ്പ് പ്രചരിക്കുന്നത്.
മഞ്ഞപ്പട അംഗങ്ങളെ നൈനാംവളപ്പ് മിനി സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചിട്ടുള്ളതിനാൽ അവിടെയാവും കോഴിക്കോട്ടെ മുഖ്യ ആവേശം. ഞായറാഴ്ച രാവിലെ തന്നെ മിക്കയിടത്തും ആവേശം തുടങ്ങും.
കഴിഞ്ഞ ചൊവ്വാഴ്ച ജാംഷഡ്പുർ എഫ്.സിയെ ബ്ലാസ്റ്റേഴ്സ് സെമിയിൽ നേരിട്ടപ്പോൾ ബീച്ച് മഞ്ഞക്കടലായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആരാധകരാണ് അന്ന് നഗരത്തിൽ ഒഴുകിയത്. ഗ്രാമങ്ങളിലും മറ്റു ടൗണുകളിലും വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ബിഗ് സ്ക്രീൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.