ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് ഐ.എസ്.ഒ അംഗീകാരം
text_fieldsകുന്ദമംഗലം: ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് (സി.ഡബ്ല്യു.ആർ.ഡി.എം) മികവിന്റെ അംഗീകാരമായ ഐ.എസ്.ഒ 9001-2015 സർട്ടിഫിക്കേഷൻ ലഭിച്ചു. 1978ൽ സംസ്ഥാന സർക്കാറിന്റെ കീഴിൽ സ്വയംഭരണ സ്ഥാപനമായി ആരംഭിച്ച സി.ഡബ്ല്യു.ആർ.ഡി.എം പിന്നീട് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നിയന്ത്രണത്തിലേക്ക് മാറി പ്രവർത്തനം തുടർന്നുവരുന്നു. സർക്കാർ സ്ഥാപനങ്ങൾക്ക് ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നത് അപൂർവമാണ്.
കോഴിക്കോട്ടെ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സ്ഥാപനങ്ങളിലും ഈ അംഗീകാരം ലഭിക്കുന്ന ആദ്യ സ്ഥാപനമാണ് സി.ഡബ്ല്യു.ആർ.ഡി.എം.
കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ജല ശാസ്ത്ര പഠനങ്ങളും ജലപരിപാലന രീതികളും ആവിഷ്കരിക്കുന്നതിൽ സി.ഡബ്ല്യു.ആർ.ഡി.എം ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
1992 ൽ അംഗീകരിച്ച ജലനയം രൂപവത്കരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. സർക്കാർ, സർക്കാറിതര തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവക്കായി നിരവധി പരിശീലന അവബോധന പരിപാടികളും ഈ സ്ഥാപനം നടത്തിവരുന്നു. ജലവിഭവ സാങ്കേതിക വിദ്യ, ജലശാസ്ത്രം, ഭൂഗർഭജല ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം - സാങ്കേതിക വിദ്യ, കാർഷിക ശാസ്ത്ര -സാങ്കേതികവിദ്യ, ജൈവ വൈവിധ്യം, രസതന്ത്രം, കാലാവസ്ഥ ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിദഗ്ധരായ 36 ശാസ്ത്രജ്ഞർ ഇവിടെ യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. യു.എൻ.ഡി.പി യുനിസെഫ്, യു.എൻ.ഇ.പി, ഐ.എ.ഇ.എ, വേൾഡ് ബാങ്ക് 1 വെറ്റ്ലാൻഡ് ഇന്റർനാഷനൽ ബ്രിട്ടീഷ് ജിയോളിക്കൽ സർവേ, യൂറോപ്യൻ യൂനിയൻ തുടങ്ങി നിരവധി അന്തർദേശീയ ഏജൻസികളുമായി യോജിച്ച് ഗവേഷണ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇവിടത്തെ ജല ഗുണനിലവാര ലബോറട്ടറി നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ (എൻ.എ.ബി.എൽ) അംഗീകാരം നേടിയതാണ്. ഐസോടോപ്പുകൾ ഉപയോഗിച്ചുള്ള ജല ഗവേഷണത്തിനായി നാഷനൽ ഐസോടോപ് ലബോറട്ടറിയും കേരളത്തിന്റെ പരമ്പരാഗത ജല സംരക്ഷണ പരിപാലന രീതികളും നമ്മുടെ നാടിന്റെ ജല പാരമ്പര്യവും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരിചയപ്പെടുത്തുന്ന ജല പൈതൃക മ്യൂസിയവും വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്ന പതിനായിരത്തിലധികം പുസ്തകങ്ങൾ ലഭ്യമായ ലൈബ്രറിയും ഈ സ്ഥാപനത്തിന്റെ പ്രധാന ആകർഷകങ്ങളാണ്.
കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ് തുടങ്ങി നിരവധി സർവകലാശാലകളുടെ അംഗീകൃത ഗവേഷണ സ്ഥാപനമാണ് സി.ഡബ്ല്യു.ആർ.ഡി.എം. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.